കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവിത; ഇടപെടല്‍ തേടി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് സംശയിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി തനിക്ക് അറിയാന്‍ കഴിഞ്ഞു. ഇതു ആശങ്കയുണ്ടാക്കുന്നതാണ്. തനിക്ക് നീതി നിഷേധിക്കുമോയെന്ന സംശയം ഇക്കാര്യത്തിലുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളെല്ലാം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ തനിക്ക് നീതി ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യമാണ് ആക്രമിക്കപ്പെട്ട നടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെ കൈവശമുണ്ടെന്ന് അങ്കമാലി കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പതിനഞ്ചാം പ്രതിയായി ശരത്തിനെ ഉള്‍പ്പെടുത്തി. ഇയാള്‍ മാത്രമാണ് പുതിയ പ്രതി. തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുവെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.