പാതയോരങ്ങളിൽ കൊടിമരങ്ങളും തോരണങ്ങും പരസ്യങ്ങളും സ്ഥാപിക്കാൻ തദ്ദേശസ്ഥാപനത്തിന്റെ മുൻകൂട്ടി അനുമതി നിർബന്ധമാക്കി. അല്ലാതെ സ്ഥാപിക്കുന്നവ ഉടൻ നീക്കം ചെയ്യും. ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
സമ്മേളനങ്ങൾക്കും ഉത്സവങ്ങൾക്കുമായി കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാൻ നിശ്ചിത ദിവസത്തേക്ക് മാത്രമാകും അനുമതി. ഗതാഗതത്തിനും കാൽനടക്കാർക്കും തടസമല്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും. ഈ കാലാവധി കഴിയുന്നതിന് മുമ്പ് സംഘാടകർ സ്വയം നീക്കുമെന്ന ഉറപ്പും നൽകണം.
അതേസമയം നിലവിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും തദ്ദേശ ഭരണ സെക്രട്ടറിമാർ അടിയന്തരമായി നീക്കം ചെയ്യും.
ഹൈക്കോടതി വിധിക്ക് പിന്നാലെ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് മാർഗനിർദ്ദേശങ്ങൾ ഉത്തരവായി ഇറക്കിയത്. സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ സ്ഥാപിക്കാൻ അനുമതി നൽകാം.
▪️മറ്റ് നിർദ്ദേശങ്ങൾ
പൊതു ഇടങ്ങളിൽ ഗതാഗതത്തിനും കാൽനടയ്ക്കും തടസമുണ്ടാക്കുന്ന കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്.
കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കുന്നതും രാഷ്ട്രീയ സാമുദായിക സ്‌പർദ്ധയ്ക്ക് കാരണമാകരുത്. അതിന് മുൻകരുതൽ സ്വീകരിക്കണം.
തർക്കങ്ങൾ പരിഹരിക്കാൻ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സേവനം തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തേടണം.
കളക്ടർമാരും പൊലീസ് മേധാവിമാരും സുരക്ഷ ഒരുക്കണം.