അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം:അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.പെരിന്തല്‍മണ്ണ മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഇവിടേനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്ക്കു താഴ്ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെ മീന്‍പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവ് ഉടന്‍തന്നെ നാട്ടുകാരെയും പൊലീസിനേയും വിവരമറിയിച്ചു. പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്.

എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കയച്ചു.