നിപ വൈറസ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കേണ്ടതാണ്.(caution against nipah virus again)വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.നിപ പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരേയും അനുബന്ധ പ്രവര്‍ത്തകരേയും സജ്ജമാക്കുന്നതിനായി മേയ് 12ന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ആരോഗ്യ വകുപ്പ് വിപുലമായ ശില്‍പശാല സംഘടിപ്പിക്കുന്നു. നിപ അനുഭവവും പഠനവും എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ശില്‍പശാല.രാവിലെ 10 മണിക്ക് മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആരോഗ്യം, വനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.