കൊറോണ കാലഘട്ടത്തിൽ കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം തുക കുറവു നൽകാം എന്ന വ്യാജേന വൻതോതിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് ഒട്ടേറെ വാഹനഉടമകളെ വഞ്ചിച്ച തിരുവനന്തപുരം നേമം കുടുംബന്നൂർ ശക്തി ഇല്ലത്തിൽ വിബിൻ ലൂയിസിനെയാണ് (36) മെഡിക്കൽകോളേജ് പോലീസ് അറസ്റ്റുചെയ്തത്. കുറച്ചു നാളുകളായി ഇയാൾ എറണാകുളം വടുതലയിലാണ് താമസിച്ചുവരുന്നത്.
മെഡിക്കൽകോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളുടെ വാഹനം അപകടത്തിൽപെട്ടതു സംബന്ധിച്ച കേസാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കേസുമായി കോടതിയിലെത്തിയപ്പോൾ അപകടത്തിൽപെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നു എന്നാണ് സ്വകാര്യ ഇൻഷുറൻസ് കമ്പനി കോടതിയെ ബോധിപ്പിച്ചത്. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ ഇപ്രകാരത്തിലുള്ള ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കമ്പനി കൊടുത്തിട്ടില്ലെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് ഇൻഷുറൻസ് കമ്പനിയുടെ ലീഗൽ വിഭാഗം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു. തുടർന്ന് മെഡിക്കൽകോളേജ് ഇൻസ്പെക്ടർ പി.പി ജോയി സബ് ഇൻസ്പെക്ടർ എം. സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു.
വാഹനത്തിന് ഇൻഷുറൻസ് തരപ്പെടുത്തി നൽകിയ ഏജന്റ് മിണാലൂർ സ്വദേശി പ്രദീഷിനെയാണ് അന്വേഷണ സംഘം ആദ്യം അറസ്റ്റുചെയ്തത് പിന്നീടാണ് വടുതലയിൽ നിന്നും മുഖ്യ പ്രതി വിബിൻ ലൂയിസിനെ അറസ്റ്റുചെയ്യുകയായിരുന്നു. എറണാകുളം ജില്ലയിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. 2015 ൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിലും ഇയാൾ പ്രതിയാണ്. സബ് ഇൻസ്പെക്ടർ എം. സുഭാഷിന്റെ നേതൃത്വത്തിൽ സീനിയർ സി.പിഒ സുഭാഷ്, സിവിൽ പോലീസ് ഓഫീസറായ ഡിജോ, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.