മുൻ കേന്ദ്രമന്ത്രി പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു

ഷിംല:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു.94 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. മകന്‍ അനില്‍ ശര്‍മ്മയാണ് മരണവിവരം അറിയിച്ചത്.

മെയ് നാലിനാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. തുടര്‍ന്ന് മാണ്ഡിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 1993 മുതല്‍ 1996 വരെയുള്ള കാലയളവില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയായിരുന്നു. 2011ല്‍ വാര്‍ത്താവിതരണ മന്ത്രിയായിരുന്ന സമയത്ത് അഴിമതി നടത്തി എന്ന കേസില്‍ അദ്ദേഹത്തെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 1963 മുതല്‍ 1984 വരെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ അദ്ദേഹം നിയമസഭയിലും എത്തി.

1984ലാണ് ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ജൂനിയര്‍ മന്ത്രിയായിരുന്നു.