അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ദുഃഖാചരണ സമയത്ത് രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്നു മുതല്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്.യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും സാമ്പത്തിക വൈവിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വടക്കന്‍ എമിറേറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ഭവന, വിദ്യാഭ്യാസ പദ്ധതികളുള്‍പ്പെടെ ഒട്ടേറെ പ്രത്യേക പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്‍തു.യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ.