ഒന്നേകാൽ വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷം കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ:
24.04.22 തീയ്യതി വൈകുന്നേരം മുക്കട്ടയിലെ പ്രവാസി വ്യവസായിയുടെ വീടു കയറി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട 5 പ്രതികൾ 29.04.22 തീയ്യതി തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുൻപിൽ എത്തി നൗഷാദിൻറെ നേതൃത്വത്തിൽ പരാതിക്കാരനെതിരെ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിൽ തിരുവനന്തപുരം കൻറോൺമെൻറ് പോലീസ് നൗഷാദ് ഉൾപ്പെടെ അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്ത് നിലമ്പൂർ പോലീസിന് കൈമാറിയിരുന്നു. ഈ സമയം നൗഷാദ് നിലമ്പൂരിലെ പരാതിക്കാരനായ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിനെതിരെ കൊലപാതകമുൾപ്പെടെയുള്ള ഗുരുതര ആരോപണമുന്നയിച്ച് ദൃശ്യങ്ങൾ ഉൾപ്പെട്ട ഒരു പെൻഡ്രൈവ് ഹാജരാക്കിയിരുന്നു. ആയത് പോലീസ് വിശദമായി പരിശോധിച്ചും നൗഷാദ്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ 2020 ഒക്ടോബർ മാസത്തിൽ നിലമ്പൂരിലെ മുക്കട്ടയിലുള്ള ഷൈബിൻറെ വീട്ടിൽ വെച്ച് മൈസൂർ സ്വദേശിയും പാരമ്പര്യ ചികിത്സവൈദ്യനുമായ മധ്യ വയസ്കനെ ഒന്നേക്കാൽ വർഷത്തോളം അന്യായ തടങ്കലിൽ വെച്ച് മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് പുതിയ കേസ്സ് രജിസ്റ്റർ ചെയ്തു. 2019 ആഗസ്ത് മാസത്തിൽ കർണ്ണാടകയിലെ മൈസൂരിലെ രാജീവ് നഗറിലുള്ള മൂലക്കുരുവിന് ചികിത്സിക്കുന്ന ഷാബാ ശെരീഫ്(60) എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് കണ്ടെത്തി. ഇയാളുടെ കൈവശത്തു നിന്നും മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി കേരളത്തിൽ മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാൻ വേണ്ടിയാണ് ഇയാളെ തട്ടികൊണ്ടു വന്നത്. എന്നാൽ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാൻ തയ്യാറാകാതെ വന്നതോടെ ഇയാളെ ഷൈബിൻറെ വീട്ടിലെ ഒന്നാം നിലയിൽ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയിൽ ബന്ധിച്ച് തടവിൽ പാർപ്പിച്ചു ഒന്നേക്കാൽ വർഷം ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ പീഡിപ്പിച്ച് വരികയായിരുന്നു. 2020 ഒക്ടോബർ മാസത്തിൽ ഷൈബിൻറെ നേതൃത്വത്തിൽ മർദ്ദിച്ചും മുഖത്തേക്ക് സാനിറ്റൈസർ അടിച്ചും, ഇരുമ്പു പൈപ്പു കൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബാ ശെരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഷൈബിൻ മാനേജരായ വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൌഷാദ്,ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം മുറിക്കുന്നതിനായി മില്ലിൽ നിന്നും മരക്കട്ട സംഘടിപ്പിച്ച്, ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയും ഉപയോഗിച്ച് മൃതദേഹം ബാത്റൂമിൽ വെച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഷൈബിൻറെ ആഡംബരകാറിൽ ഷൈബിനും ഡ്രൈവർ നിഷാദും, മുൻപിലായി മറ്റൊരു ആഡംബരകാറിൽ ഷിഹാബുദ്ദീനും, പുറകിലായി കാറിൽ ഷൈബിൻറെ സഹായി നൌഷാദും അകമ്പടിയായി പോയി പുലർച്ചെ പുഴയിലേക്ക് തള്ളുകയായിരുന്നു. തുടർന്ന് തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവു നശിപ്പിക്കുകയായിരുന്നു.
മൈസൂരിലെ ലോഡ്ജിൽ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷൈബിൻറെ നിർദ്ദേശ പ്രകാരം ഷാബാ ശെരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുവരുകയും, വഴിയിൽ കാത്തു നിന്ന ഷൈബിൻറെയും കൂട്ടാളികളുടേയും കാറിൽ കയറ്റി നിലമ്പൂരിലെ ഷൈബിൻറെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഷാബാ ശെരീഫിനെ കാണാതായ കാര്യത്തിന് ബന്ധുക്കൾ മൈസൂർ സരസ്വതീപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയും ചെയ്തിരുന്നു. നാളിതുവരെ അന്വേഷിച്ച് കണ്ടെത്താതിൽ കുടുംബം കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട ജനപ്രധിനിധികളെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് നിലമ്പൂർ പോലീസ് ഷാബാ ശെരീഫിൻറെ ബന്ധുക്കളെ അന്വേഷിച്ച് ചെല്ലുന്നത്. ഷാബാ ശെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഢിപ്പിക്കുന്ന ദൃശ്യവും പെൻഡ്രൈവിൽ നിന്നും കണ്ടെടുത്തു. ദൃശ്യത്തിൽ നിന്നും ബന്ധുക്കൾ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിൻ്റ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിവൈഎസ് പിമാരായ സാജു.കെ.അബ്രഹാം, കെ.എം.ബിജു. നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണു, SI മാരായ നവീൻഷാജ്, എം.അസ്സൈനാർ, ASI മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.