ഇടിഞ്ഞു വീഴാറായ കുടിലിനുള്ളിൽ താമസിച്ചിരുന്ന നിർധനനും നിരാലംബനുമായ വയോധികന് കിളിമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റേയും സുമനസുകളുടേയും പ്രയത്നത്താൽ സ്നേഹാലയം ഒരുങ്ങി

ഇടിഞ്ഞു വീഴാറായ കുടിലിനുള്ളിൽ താമസിച്ചിരുന്ന നിർധനനും നിരാലംബനുമായ വയോധികന് കിളിമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റേയും സുമനസുകളുടേയും പ്രയത്നത്താൽ  സ്നേഹാലയം ഒരുങ്ങി. കിളിമാനൂർ ,പാപ്പാല ,കല്ലറക്കോണം, കോഴിക്കോട്ടു വിള വീട്ടിൽ കുഞ്ഞിരാമന് (72) ആണ് വീട് നിർമ്മിച്ച് നൽകിയത്.  30 വർഷം മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ വയോധികൻ കല്ലറകോണത്തുള്ള മൂന്ന് സെന്റ് ഭൂമിയിൽ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ മൺഭിത്തിയിൽ ടാർപ്പോളിൻ കൊണ്ട് മൂടിയ കുടിലിലാണ് താമസിച്ചുവരുന്നത്. പ്രായാധിക്യത്തിൽ കേൾവി കുറവും കാഴ്ച കുറവും നേരിട്ടതോടെ വയോധികന്റ പതിവ് ദിനചര്യകൾ ബുദ്ധിമുട്ടിലായി. സമീപ വാസികളുടേയും സുമനസുകളുടേയും കനിവിലായിരുന്നു ഭക്ഷണംപോലും ലഭിച്ചിരുന്നത്. വയോധികന്റെ ദുരവസ്ഥ സമീപ പ്രദേശത്ത് പരാതി അന്വേഷിയ്ക്കാൻ എത്തിയ ജനമൈത്രി പോലീസ് കോർഡിനേറ്റർമാരായ സവാദ്ഖാൻ , പ്രദീപ് ജനമൈത്രി ബീറ്റ് ഓഫീസർ റിയാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും ഈ വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് അനുമതി വാങ്ങിയ ശേഷം അടിയന്തിരമായി സുരക്ഷയുള്ള വീട് നിർമ്മിച്ചു നൽകാൻ തീരുമാനിയ്ക്കുകയുമായിരുന്നു. വാർഡ് മെമ്പർ അജ്മലും സുമനസുകളും ജനമൈത്രി പോലീസും കൈകോർത്തതോടെ  അടുക്കളയും ശുചിമുറിയും അടങ്ങിയ  വീട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. വീടിന്റെ താക്കോൽദാനം   തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യാ വി ഗോപിനാഥ് ഐപിഎസ് നിർവ്വഹിച്ചു. ചടങ്ങിൽ ആറ്റിങ്ങൽ Dysp ഡി. സുനീഷ്ബാബു, നാർക്കോട്ടിക് സെൽ DYSP രാശിത്ത് വി.റ്റി, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, കിളിമാനൂർ ISHO എസ്. സനൂജ് , എസ് ഐ വിജിത്ത് കെ. നായർ , KPA തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ ,വാർഡ് മെമ്പർ അജ്മൽ ,  തുടങ്ങിയവർ പങ്കെടുത്തു.