കിളിമാനൂരിന് പിന്നാലെ വെഞ്ഞാറമൂട്ടിലും സദാചാര ഗുണ്ടായിസം; രാത്രിയിൽ ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയും അവരെ വിളിയ്ക്കാനെത്തിയ ഭർത്താവിനും സദാചാര ഗുണ്ടകളുടെ മർദ്ദനം. ഒരാൾ പിടിയിൽ. വെഞ്ഞാമുട് ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞ് ഇറങ്ങിയ നഴ്സായ യുവതിയും അവരെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയ ഭർത്താവിനേയും മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ. വെഞ്ഞാറമൂട് സ്വദേശിയായ മോഹനനാണ് [52] പിടിയിലായത്. ഇയാളുടെ സുഹൃത്ത്ക്കളും കണ്ടാലറിയാവുന്നവരുമായ മറ്റുരണ്ട് പേർക്കെതിരെയും വെഞ്ഞാറമൂട് പോലിസ് കേസ് എടുത്തു. ആശുപത്രിയിലെ നഴ്സായ യുവതി അവരുടെ ഭർത്താവായ അർജുൻ എന്നിവർക്ക് നേരെയാണ് സദാചാര ഗുണ്ടകളുടെ ആക്രമണം . ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജിന് മുന്നിലുള്ള ആട്ടോ സ്റ്റാൻഡിനുള്ളിൽ വച്ചാണ് സംഭവം. ആര്യനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിൽ താമസിച്ചു വരുകയാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സിനെ ഭർത്താവായ അർജുൻ കൂട്ടിക്കൊണ്ട് പോകാൻ എത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ ആശുപത്രിയുടെ സമീപത്തുള്ള ആട്ടോ സ്റ്റാൻഡിലൂടെ കടന്ന് പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് വാഹനം തടയുകയും സദാചാര ഗുണ്ടകൾ ചമഞ്ഞ് ചോദ്യം ചെയ്യുകയുമായിരുന്നു. തങ്ങൾ ഭാര്യാ ഭർത്താക്കൻമാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ യുവതിയേയും മർദിക്കുകയുമായിരുന്നു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ സദാചാര ഗുണ്ടകൾ സ്ഥലം വിട്ടു. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് ഒരാളെ കസ്റ്റഡിയിൽ എടുത്തത് .ഏതാനം ദിവസങ്ങൾക്ക് മുമ്പ് കിളിമാനൂർ കടല് കാണിപ്പാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ കല്ലറ, പാങ്ങോട് സ്വദേശികളായ യുവാക്കൾക്ക് നേരെസദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ഒളിൽ പോയ മറ്റു രണ്ട് പേർക്കെതിരെ പൊലീസ് തിരച്ചിൽ തുടരുന്നു.