‘ഒരു ദൃശ്യവും കണ്ടിട്ടില്ല, ബാലചന്ദ്രകുമാർ പറയുന്നത് കള്ളം’, ശരത്തിനെ ജാമ്യത്തിൽ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ്. അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും ശരത് പ്രതികരിച്ചു.

തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ഇവ രണ്ടും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ദിലീപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നത്. വധഗൂഢാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിര്‍ണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയിലാണ് വീണ്ടെടുത്ത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്.