ആറ്റിങ്ങൽ• ഉദ്ഘാടനം കാത്തു കിടക്കുന്ന പൂവമ്പാറ മൂന്നുമുക്ക് നാലുവരിപ്പാതയിൽ നിർമിച്ച മീഡിയനുകൾ ഉദ്ഘാടനത്തിന് മുൻപേ തകർന്നു തുടങ്ങി. ഉദ്ഘാടനം കാത്തു കിടക്കുന്ന നാലുവരിപ്പാതയിൽ ഇതുവരെ പത്തിലേറെ തവണയാണ് പൈപ്പു പൊട്ടിയത്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ റോഡിന് മധ്യഭാഗത്താക്കിയാണ് പണി പൂർത്തിയാക്കിയത്. 16.5 കോടി രൂപ ചെലവിൽ ബിഎംബിസി നിലവാരത്തിൽ പൂർത്തിയാക്കിയ റോഡാണ് ഉദ്ഘാടനത്തിന് മുൻപ് തന്നെ തകരുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടെ നാലുവരിപ്പാതയിൽ പൈപ്പ് പൊട്ടിയത് ശരിയാക്കിയ ഇനത്തിൽ മാത്രം ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. പൈപ്പ് പൊട്ടി ഒട്ടേറെ തവണയാണ് റോഡിന് മധ്യഭാഗത്തായി വൻകുഴികൾ രൂപപ്പെട്ടത്. പലയിടത്തും കോൺക്രീറ്റ് നിറച്ചാണ് കുഴിയടച്ചിട്ടുള്ളത്.നാലുവരിപ്പാതയിൽ പലയിടത്തും മീഡിയനുകൾ ഇതിനോടകം തന്നെ തകർന്നു തുടങ്ങിയിട്ടുണ്ട്.കച്ചേരി ജംക്‌ഷനിലും കിഴക്കെ നാലുമുക്കിലും മീഡിയനുകൾ തകർന്നു. മുപ്പത് സെന്റീമീറ്റർ വീതിയിൽ രണ്ടടിയോളം ഉയരത്തിലാണ് കോൺക്രീറ്റ് കൊണ്ട് മീഡിയൻ നിർമിച്ചിട്ടുള്ളത്. മീഡിയന്റെ നിർമാണം അശാസ്ത്രീയമാണെന്ന് നിർമാണം നടക്കുമ്പോൾ തന്നെ ആക്ഷേപം ഉയർന്നിരുന്നെങ്കിലും അത് ചെവിക്കൊള്ളാതെയാണ് അധികൃതർ പണി പൂർത്തിയാക്കിയത്. വാഹനങ്ങൾ തട്ടിയാണ് മീഡിയനുകൾ തകരുന്നതെന്നാണ് അധികൃതർ നിരത്തുന്ന വാദം. എന്നാൽ അശാസ്ത്രീയമായ നിർമാണമാണ് മീഡിയനുകളുടെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാരുടെ ആക്ഷേപം .