നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു,നിരോധനം ലംഘിച്ച് ഓഫ് റോഡ് ജീപ്പ് റേസ് നടത്തി

വാഗമൺ: ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. നിരോധനം ലംഘിച്ച് ഓഫ് റോഡ് റേസ് നടത്തിയതിനാണ് പൊലീസ് കേസെടുത്തത്. റേസ് നടന്ന സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജോജു ജോർജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോട്ടർവാഹനവകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി.

നേരത്തെ, ജോജുവിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പരാതി നൽകിയിരുന്നു. കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്കു കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി കൈമാറിയത്. ‌‌ജീപ്പ് ഓടിക്കുന്ന ജോജു ജോർജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. ജവിൻ മെമ്മോറിയൽ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകർ. നടൻ ബിനു പപ്പനും ജോജുവിനൊപ്പമുണ്ടായിരുന്നു.