ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രീയ അന്തിമഘട്ടത്തിലെത്തിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആദ്യ കരട് പട്ടിക ജൂൺ പത്തിന് പുറത്തിറക്കും. തുടർന്ന് രണ്ട് തവണകളായി അപ്പീൽ നൽകാൻ അവസരമുണ്ടാകും. ആദ്യ ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകർക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭയിലെ അപേക്ഷകർക്ക് നഗരസഭാ സെക്രട്ടറിക്കും അപ്പീൽ നൽകാം. ജൂൺ 14 വരെ അപ്പീൽ നൽകാം. 10 ദിവസത്തിനുള്ളിൽ ഈ അപ്പീൽ തീർപ്പാക്കും. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും രണ്ടാം ഘട്ടത്തിൽ ജൂൺ 30നുള്ളിൽ കളക്ടർക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ജൂലൈ 14നകം തീർപ്പാക്കാനും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശം നൽകി.
രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഗ്രാമസഭകളിലും വാർഡ് സഭകളിലും പരിശോധനയ്ക്ക് വിധേയമാക്കും. പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്ക്/ വാർഡ് സഭകൾക്ക് അവരെ ഒഴിവാക്കാൻ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികൾ പരിഗണിക്കും. ആഗസ്റ്റ് 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികൾ അംഗീകാരം നൽകും. ശേഷം ആഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അവസരം നൽകിയത് അനുസരിച്ച് 9,20,260 പേരാണ് അപേക്ഷിച്ചത്. തദ്ദേശ സ്ഥാപന തലത്തിൽ പരിശോധന നടത്തി 5,81,689 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. ജില്ലാ തലത്തിൽ ഈ പട്ടിക സൂപ്പർ ചെക്കിംഗ് നടത്തിയപ്പോൾ പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 5,01,652 ആയി. ഇവരിൽ 3,24,328 പേർ ഭൂമിയുള്ളവരും 1,77,324 പേർ ഭൂമിയില്ലാത്തവരും ആണ്. ഈ കരട് പട്ടികയിന്മേലാണ് ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിക്കുന്നത്.