തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് രൂപീകരിച്ച ആക്ഷന്‍ പ്ലാന്‍ പ്രകാരം സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ മാനദണ്ഡങ്ങള്‍ പ്രകാരം സജ്ജമാക്കി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂര്‍ത്തിയാക്കി വരുന്നു. കൂടുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം തുടരുന്നതാണ്.

സ്വീകര്‍ത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ട്രാന്‍സ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്.