അടുത്ത മണിക്കൂറുകളിൽ തീരദേശ മേഖലകളിൽ മഴ കനക്കും; മധ്യ തെക്കൻ കേരളത്തിൽ മഴ തുടരും

തിരുവനന്തരും: അടുത്ത മണിക്കൂറുകളിൽ തീരദേശ മേഖലകളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. മധ്യ തെക്കൻ കേരളത്തിൽ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കോട്ടയം,  എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാലവര്‍ഷത്തിന്‍റെ ഭാഗമായുള്ള തെക്ക് പടിഞ്ഞാറൻ കാറ്റും ശക്തമാകും.സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും ഇന്ന് കനത്ത മഴ ലഭിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്ത മഴയിൽ  വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും, ആലുവയിലും കൊച്ചി നഗരത്തിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ താഴ്ന്ന പ്രദേശങ്ങളിലും, കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള  നൂറോളം വീടുകളിലും അന്ന് വെള്ളം കയറി. കളമശ്ശേരിയിലെ എംആർ തങ്കപ്പൻ റോഡിലെ വീടുകളിൽ നിന്ന് എട്ട് കുടുംബങ്ങളെ മാറ്റി മാർപ്പിച്ചു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ വാഗ്‍ദാനം നൽകിയിരുന്നുവെങ്കിലും അടുത്ത മഴയ്ക്ക് തന്നെ വീണ്ടും വെള്ളം കയറിയിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതും മഴക്കാലപൂർവ മുന്നൊരുക്കം വേണ്ട രീതിയിൽ നടക്കാത്തുമാണ് വെള്ളക്കെട്ടിന് കാരണം. നഗരത്തിൽ വീടുകൾ നിറഞ്ഞതോടെ പല തോടുകളും വീതി കുറഞ്ഞ അവസ്ഥയിലാണ്. ഇതിനുപുറമേ, റോഡ് വീതി കൂട്ടാനെന്ന പേരിൽ ഉൾപ്പെടെ തോടുകളുടെ വശങ്ങൾ കയ്യേറിയതും വെള്ളക്കെട്ട് രൂക്ഷമാക്കി. കാലവർഷം എത്താൻ വലിയ താമസമില്ലെന്നിരിക്കെ, അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കൊച്ചിക്കാർ നേരിടേണ്ടി വരിക വലിയ പ്രതിസന്ധിയാകും.