ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കോവളം സ്വദേശികളായ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

കോവളം: കര്‍ണാടകയിലെ ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാട്ടിലേക്ക് വന്ന മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.വെങ്ങാനൂര്‍, പനങ്ങോട്, മുട്ടയ്‌ക്കാട് തുലവിളക്ക് സമീപം കിഴക്കെ വിളവീട്ടില്‍ ബിനു രാജയ്യന്‍ (44), ഭാര്യ ഷീന എസ്.എസ് (38) എന്നിവരാണ് മരിച്ചത്. മക്കളായ നവീന്‍ (17), നിമിഷ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ ബെല്‍ഗാം സിവില്‍ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്‌ക്ക് ശങ്കേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. നാട്ടിലേക്ക് അവധിക്ക് വന്നതാണെന്നാണ് വിവരം.

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ബിനു വര്‍ഷങ്ങളായി നവി മുംബയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷന് സമീപം നേറുല്‍ സെക്ടര്‍ 14ലാണ് താമസം. ഞായറാഴ്ച രാവിലെ ആറിനാണ് കുടുംബം യാത്ര തുടങ്ങിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ടതിന തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന മഹേന്ദ്ര സൈലോ കാര്‍ തലകീഴായി മറിഞ്ഞെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ബെല്‍ഗാമിലേക്ക് പോയി. കഴിഞ്ഞയാഴ്ച നാട്ടിലെത്തുമെന്ന് ബിനു ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലിത്തിരക്ക് കാരണം നടന്നില്ല. ധനുവച്ചപുരം കരിക്കകം സ്വദേശിയായ ബിനു തുലവിള ലൂഥറന്‍ ചര്‍ച്ചിന് സമീപം വാങ്ങിയ ഭൂമിയില്‍ വീട് വയ്ക്കാനും പദ്ധതിയിട്ടിരുന്നു.