മഞ്ചേരി: കേരളവും ബംഗാളും. കാല്‍പ്പന്തും കലയും കമ്യൂണിസവും കൊണ്ട് ഇന്ത്യയില്‍ വേറിട്ടുനിന്ന രണ്ട് ഭൂപ്രദേശങ്ങള്‍. പോരാട്ടങ്ങള്‍ ഒട്ടേറെ കണ്ടവര്‍. പൊരുതാതെ അവര്‍ കീഴടങ്ങില്ല. തോല്‍വിയില്‍ അവര്‍ തളര്‍ന്നിട്ടുമില്ല.
പ്ലാറ്റിനം ജൂബിലി സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍ കേരളവും ബംഗാളും മുഖാമുഖം വരുമ്പോള്‍ കിരീടം കാത്തിരിക്കുന്നത് യഥാര്‍ഥ പോരാളികളെ. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ഞായാറാഴ്ച മലപ്പുറം കോട്ടക്കുന്നിന്റെ രണഭൂമിയിലായിരുന്നു കേരള ക്യാപ്റ്റന്‍ ജിജോ ജോസഫും ബംഗാള്‍ നായകന്‍ മൊണോടോഷ് ചാക്ലദാറും ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനായി അണിനിരന്നത്. കോട്ടക്കുന്നിലെ പോരാട്ടത്തിന്റെയും പോരാളികളുടെയും രണവീര്യം ഇവരില്‍ അലിഞ്ഞുചേര്‍ന്നാല്‍, പയ്യനാട് സ്റ്റേഡിയം തിങ്കളാഴ്ച മറ്റൊരു പോര്‍ക്കളമാകും.
ജീവന്‍മരണപ്പോരാട്ടം
‘ഇതാണ് സമയം’ എന്ന തിരിച്ചറിവോടെയാണ് കേരളം ഫൈനലിനിറങ്ങുന്നത്. സ്വന്തംഗ്രൗണ്ടും ആര്‍പ്പുവിളിക്കാന്‍ പതിനായിരങ്ങളും ഇനി സമീപകാലത്തൊന്നും സന്തോഷ് ട്രോഫിയില്‍ കേരളം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ‘ജീവന്‍മരണപ്പോരാട്ടം’ എന്നാണ് മത്സരത്തിനെ കേരള പരിശീലകന്‍ ബിനോ ജോര്‍ജ് വിശേഷിപ്പിക്കുന്നത്. റംസാന്‍നോമ്പ് നോറ്റ് കളികാണാനെത്തിയ കാണികള്‍ക്ക് ജയത്തോടെ പെരുന്നാള്‍സമ്മാനം നല്‍കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്.
‘കഴിഞ്ഞത് കഴിഞ്ഞു. ഫൈനല്‍ അതുപോലെയാകില്ല.’- ആദ്യ റൗണ്ടിലെ കേരളത്തിനോടേറ്റ തോല്‍വിയെക്കുറിച്ച് ബംഗാള്‍ പരിശീലന്‍ രഞ്ജന്‍ ഭട്ടാചാര്യ പ്രതികരിച്ചത് ഇങ്ങനെ. രഞ്ജന്‍ പറഞ്ഞത് ശരിയാണ്. ആ തോല്‍വിക്കുശേഷം അവര്‍ ഉണര്‍ന്നു. ടീമിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകണ്ടു. അതിനുശേഷം എല്ലാ കളിയിലും ആധികാരികമായ ജയം സ്വന്തമാക്കി. സെമിയില്‍ മണിപ്പുരിനെ മറികടന്ന് ഫൈനലും ഉറപ്പിച്ചു.
33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍വെച്ച്. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍.