തിരുവനന്തപുരം• വെമ്പായത്ത് വിവാഹവീട്ടിലെ ടെറസിൽനിന്നു യുവാവ് വീണുമരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. കീഴാമലക്കൽ ഷിബുവാണ് മരിച്ചത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജാക്കി കൊണ്ടുവന്ന് സുഹൃത്തുക്കള്‍ മുങ്ങിയെന്നാണ് പരാതി. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹദിവസം ഇവരുടെ വീട്ടിലെ ടെറസില്‍നിന്നാണ് ഷിബു വീണത്. വീഴുന്ന ദൃശ്യങ്ങളും സമീപത്തെ വീട്ടിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.സുഹൃത്തുക്കൾ ചേർന്ന് ആദ്യം കന്യകുളങ്ങര ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സിടി സ്കാനും എക്സ്റേയും എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ പരിശോധനകള്‍ക്ക് നിൽക്കാതെ പുലര്‍ച്ചെ മൂന്നു മണിയോടുകൂടി ഒാട്ടോയില്‍ക്കയറി വീട്ടിലെത്തിച്ചു. ഈ സമയം പ്രായമായ അമ്മൂമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കയ്യിൽ ഇട്ടിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിയിരുന്നില്ല.രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തംവാര്‍ന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടതെന്നും ബന്ധുക്കള്‍ പറയുന്നു. കൂടെയുണ്ടായിരുന്നവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.