പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ ഒരു ആപ്പ് പ്രവർത്തനം തുടങ്ങിയത്.
32885 രക്തദാതാക്കളാണ് പോൾ ബ്‌ളഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും പ്‌ളേസ്റ്റാർ, ആപ്പ് സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഏറ്റവും അധികം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേർ. കാസർകോടും വയനാടും ഒഴികെയുള്ള ജില്ലകളിൽ ആയിരത്തിലധികം പേർ പോൾ ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പേരൂർക്കട എസ്. എ. പി ക്യാമ്പിലെ പോൾ ബ്‌ളഡ് സ്‌റ്റേറ്റ് കൺട്രോൾ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് രക്തം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത്. രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റു സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ്പ് വഴി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ആവശ്യക്കാരിലേക്ക് സമയബന്ധിതമായി രക്തം എത്തിക്കാനാകും. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം.
പോൾ ആപ്പിൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ പേര്, രക്ത ഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്പർ, അവസാനമായി രക്തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം. രക്തം ആവശ്യമായി വരുന്നവർ രോഗിയുടെ പേര്, രക്ത ഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ അളവ്, രക്തദാനം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങൾ, ജില്ല, ബന്ധപ്പെടേണ്ട നമ്പർ എന്നിവ നൽകണം.
പോൾ ബ്ലഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കാര്യക്ഷമമായ പ്രവർത്തനത്തിനുമായി സംസ്ഥാന കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. കേസുകളുടെ മുൻഗണന അനുസരിച്ചു രക്തദാതാക്കളെ കണ്ടെത്തുക, രക്തദാതാക്കളുമായും ബ്ലഡ് ബാങ്കുകളുമായി നിരന്തര ആശയവിനിമയം നടത്തുക, ആപ്പ് മുഖേന വരുന്ന ആവശ്യങ്ങൾ പരിഗണിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു എന്ന് ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങൾ പോൾ ബ്ലഡ് കൺട്രോൾ റൂമിന്റെ ചുമതലയാണ്.
#keralapolice #pol_blood