പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

അഞ്ചുതെങ്ങ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനായ അഞ്ചുതെങ്ങ് കൊഞ്ഞാംതിട്ട ജെ.ആർ.എസ് നിവാസിൽ വാസുദേവന്റെ മകൻ ജയലാൽ(58) നെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 3 ചൊവ്വാഴ്ച രണ്ടു മണിയോടെയാണ് സംഭവം. നെടുങ്കണ്ട ഒന്നാം പാലത്തിനു സമീപത്തുള്ള കേരള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ ജോലി നോക്കി വന്നിരുന്ന പ്രതി ജയലാൽ  സമീപത്തുകൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പമ്പ് ഹൗസിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.