മുൻമന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടില്‍ കവര്‍ച്ച, സ്വർണ്ണാഭരണങ്ങൾ അടക്കം നഷ്ടമായി

കൊല്ലം:മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ഇവിടേനിന്ന് മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏകദേശം 50 പവനോളം മോഷണം പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്‍ വാതില്‍ തുറന്ന് ഗ്ലാസ് വാതില്‍ പൊട്ടിച്ച്‌ കവര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക നിഗമനം. മന്ത്രിയുടെ അമ്മയുടെ താലിമാല അടക്കമാണ് മോഷണംപോയത്.

രാത്രിയില്‍ ഈ വീട്ടില്‍ താമസക്കാരുണ്ടാകാറില്ല. പകല്‍ ഇവിടെ അമ്മ ഉണ്ടാകാറുണ്ടെങ്കിലും രാത്രി ഷിബു ബേബി ജോണിന്റെ സ്വന്തം വീട്ടിലേക്ക് എത്തുകയുമാണ് പതിവ്. ഇന്ന് രാവിലെ പതിവുപോലെ അമ്മ ഇവിടെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പ്രദേശത്ത് സമാനമായി മോഷണം നടത്തിയിട്ടുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.