നടക്കുന്നത് തട്ടിക്കൊണ്ടു പോയി കൊല്ലാനുള്ള ശ്രമം, മഞ്ജുവാര്യർ ജീവനോടെയുണ്ടോയെന്നറിയില്ല, സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സോഷ്യല്‍ മീഡിയയിലൂടെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കുന്നതിന്റെ ലൈവ് വീഡിയോ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

‘എന്റെ മൊബൈല്‍ പിടിച്ചുവാങ്ങിക്കാന്‍ പോകുകയാണേ. എന്നെ കുറേ ആളുകള്‍ വന്ന് പിടിച്ചുകൊണ്ടുപോകുകയാണേ. എന്നെ ഉപദ്രവിച്ചു. പൊലീസുകാരാണെന്ന് പറഞ്ഞ് വന്ന് കുറച്ച്‌ ഗുണ്ടകള്‍ വന്ന് പിടിച്ചുകൊണ്ടുപോകുകയാണേ. എന്നെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ആളുകള്‍ ഇടപെടണേ.

എന്നെ കൊല്ലാന്‍ വേണ്ടി കൊണ്ടുപോകുകയാണ്. ഞാനും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവിന്റെ അമ്മയും ക്ഷേത്രത്തില്‍ പരിപാടിക്ക് വന്നതാണ്. ആ സമയത്ത് ഇന്നോവ ഫോളോ ചെയ്ത് വന്നിട്ട് എന്നെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. എന്നെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്.

എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെന്ന് പൊലീസ് വിളിച്ചറിയിച്ചിട്ടില്ല. ഞാന്‍ ആ കേസ് ഫോളോ ചെയ്യാന്‍ തയ്യാറാണ്. നിയമം അനുശാസിക്കുന്ന രീതിയില്‍ കീഴടങ്ങാന്‍ തയ്യാറാണ്. പക്ഷേ പൊലീസെന്നും പറഞ്ഞ് വേഷം കെട്ടി കൊണ്ടുപോയി കൊല്ലാനാണ് ശ്രമിക്കുന്നത്. നിയമപരമായി നടക്കുകയാണെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതികൊടുത്തിട്ടുണ്ട്.

ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ട്. അതെനിക്കറിയാവുന്നതുകൊണ്ടാണ് പറഞ്ഞത്. എന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാനാണ് ശ്രമിക്കുന്നത്. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. രണ്ട് വര്‍ഷമായി പറയുകയാണ്.

കയറ്റം എന്ന സിനിമയെ ചൊല്ലി എന്റെ ജീവന് ആപത്തുണ്ട്. എന്റെ മാത്രമല്ല മഞ്ജു വാര്യരുടെ ജീവനും ആപത്തുണ്ട്. ഇപ്പോഴും എനിക്കറിയില്ല, മഞ്ജു വാര്യര്‍ ജീവനോടെ ഉണ്ടോയെന്നും, എനിക്കെതിരെ കൊടുത്തെന്ന് പറയപ്പെടുന്ന കേസ് മഞ്ജു വാര്യരാണോ കൊടുത്തതെന്ന്. ഈ പോസ്റ്റ് ഇട്ടിട്ട് ഏഴ് ദിവസമായി. പല പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും കാലമായിട്ടും മഞ്ജു വാര്യര്‍ പ്രതികരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.’- എന്നാണ് സംവിധായകന്‍ പറയുന്നത്.