എല്‍എല്‍ബി പരീക്ഷയിൽ കോപ്പിയടി; സി‌ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം ∙ ലോ അക്കാദമി ലോ കോളജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ച സിഐയ്ക്കു സസ്പെൻഷൻ. പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇന്‍സ്പെക്ടർ ആർ.എസ്.ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്.

സർവകലാശാല സ്ക്വാഡ് പിടികൂടിയ ആദർശ് കോപ്പിയടിച്ചതായി ട്രയിനിങ് കോളജ് പ്രിന്‍സിപ്പൽ ഡിജിപിക്കു റിപ്പോര്‍ട്ട് നൽകിയിരുന്നു. ലോ അക്കാദമിയിലെ ഈവനിങ് കോഴ്സ് വിദ്യാർഥിയാണ് ആദർശ്. ആദർശ് ഉൾപ്പെടെ നാലു പേരെയാണ് സ്ക്വാഡ് പിടികൂടിയത്.

ലോ അക്കാദമിയും പരീക്ഷാ സ്ക്വാഡും കോപ്പിയടി സ്ഥിരീകരിച്ചെന്നാണു റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. പബ്ലിക് ഇന്റർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിടെയായിരുന്നു സ്ക്വാഡ് എത്തിയത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ വിവിധ ഹാളിൽ നിന്നാണ് നാലു പേർ പിടിയിലായത്. കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്കും കണ്ടെടുത്തിരുന്നു.