ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം:പ്രതി പിടിയിൽ

കൊല്ലം: ഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം നടത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി രമേഷ് രാസാത്തി രമേഷ് ആണ് പിടിയിലായത്.പ്രതിയില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15 പവന്‍ സ്വര്‍ണ്ണം ഉരുക്കിയ നിലയിലും പിടിച്ചെടുത്തു. കന്യാകുമാരി സ്വദേശിയാണ് പ്രതി. കൊല്ലം സിറ്റി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടില്‍ കവര്‍ച്ച നടന്നത്. അന്‍പത് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ മോഷണം നടന്നത്. ഷിബു ബേബിജോണ്‍ നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെയാണ് കുടുംബവീട്. രാത്രി ഇവിടെ ആരും ഉണ്ടാവാറില്ല. ഇത് മനസ്സിലാക്കിയാവണം മോഷണം നടത്തിയത് എന്നാണ് സംശയം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്.

വാതില്‍ വഴി അകത്തു കയറിയാണ് മോഷണം നടത്തിയിരുന്നത്. അകത്തുള്ള കണ്ണാടി വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. രണ്ടാമത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയിരുന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. വാതില്‍ പൊളിച്ച്‌ മോഷണം നടത്തുന്ന രീതിയുള്ള നഗരത്തിലെ മോഷ്ടാക്കളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.