കല്ലമ്പലം: മരുമകന്റെ അച്ഛന്റെ മരണവാർത്തയറിഞ്ഞ് സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ സഹോദരന്റെ മകനോടൊപ്പം സ്കൂട്ടിയുടെ പിറകിലിരുന്ന് പോകുകയായിരുന്ന വീട്ടമ്മ ടിപ്പർലോറിയിടിച്ച് മരിച്ചു.
സ്കൂട്ടി ഓടിച്ചിരുന്ന സഹോദരന്റെ മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാവായിക്കുളം കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനിൽ അഞ്ചു നിലയത്തിൽ ലീലാമണി (56) ആണ് മരിച്ചത്.
സഹോദരൻ മധുസൂദനന്റെ മകൻ വെട്ടിയറ ചിത്തിരഭവനിൽ മനുലാൽ (30) ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ ജംഗ്ഷനിലായിരുന്നു അപകടം.
സ്കൂട്ടി പറകുന്നിലേക്ക് തിരിയുന്നതിനിടയിൽ കൊല്ലം ഭാഗത്തു നിന്ന് അമിത വേഗതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർലോറി സ്കൂട്ടിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലീലാമണിയെ തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു .
മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു...!