വിസ്മയയുടെ ആത്മാവ് ഈ വാഹനത്തിലുണ്ട്; ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്

കൊല്ലം:വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്. ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന്  വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാകും പ്രോസിക്യൂഷൻ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാകും പ്രതിഭാഗത്തിന്റെ വാദം.