ഖത്തറില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു,ഒന്നര വയസ്സുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ദോഹ: ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പൊന്നാനി മാറഞ്ചേരി പുറങ്ങ്‌ കുണ്ടുകടവ്‌ കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ്‌ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), കോഴിക്കോട് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35) എന്നിവരാണ് മരിച്ചത്.

സജിത്തിന്റെ ഭാര്യയും ഒന്നരവയസുള്ള കുഞ്ഞും അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യ പരിക്കുകളോടെ ഹമദ്​ മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​. കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.

ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മരുഭൂമിയിലെ കല്ലില്‍ തട്ടി തലകീഴായി മറിഞ്ഞുവെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. ഉടന്‍ എയര്‍ ആംബുലന്‍സെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മൂവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. സജിത്തിന്റെ വാ​ഹനം ഓടിച്ച ഡ്രൈവര്‍ ശരണ്‍ജിത് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

മൃതദേഹം വക്​റയിലെ ഹമദ്​ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോ​ഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ്​ സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. റിയല്‍ എസ്​റ്റേറ്റ്​ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു റസാഖ്​. സജിത്ത്​ വുഖൂദ്​ പെട്രോള്‍ സ്​റ്റേഷനില്‍ ജീവനക്കാരനാണ്​.