വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെ സി ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പോലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും.
മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പോലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസംവിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും.
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ് പി നടപടിയെടുക്കും.
പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പോലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.