അതേസമയം സമയപരിധിയുടെ പേരില്‍ ധൃതിപിടിച്ച് അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയതായാണ് സൂചന. എല്ലാ തെളിവുകളും പരിശോധിച്ച് നീതിപൂര്‍വകമായ അന്വേഷണം ഉറപ്പാക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.
അന്വേഷണ ചുമതലയുണ്ടായിരുന്ന എസ് ശ്രീജിത്തിനെ മാറ്റി, പുതിയ ക്രൈംബ്രാഞ്ച് മേധാവിയെ നിയമിച്ചതിന് പിന്നാലെ അന്വേഷണം മന്ദീഭവിക്കുകയായിരുന്നുവെന്നാണ് ആരോപണം. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശിച്ച ഈ മാസം 31 നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നു.
രാഷ്ട്രീയ ഉന്നത ഇടപെടലിനെത്തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ ഉന്നതര്‍ സമ്മര്‍ദം ചെലുത്തുന്നതായും നടി ഹര്‍ജിയില്‍ ആരോപിക്കുന്നു.