തിരുവനന്തപുരം• ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാന സർവീസുകൾക്ക് ഇന്ധനം നൽകി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കൊളംബോയിൽ നിന്ന് ഓസ്ട്രേലിയയിലെ മെൽബണിലേക്കു സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ എയർബസ് 330 വിമാനമാണ് ഇന്ധനം നിറയ്ക്കാൻ ഇന്നലെ ഇവിടെ ഇറങ്ങിയത്. കൊളംബോയിൽ നിന്നു ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കുള്ള എയർബസും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്ധനക്ഷാമവും വിലക്കയറ്റവും ഉണ്ടായതോടെയാണു ശ്രീലങ്കയിലെ വിമാനങ്ങൾ ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളം എന്ന നിലയിൽ തിരുവനന്തപുരത്തെത്തി ഇന്ധനം നിറയ്ക്കുന്നത്. ജൂൺ 1, 2 തീയതികളിലായി മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കും സർവീസ് നടത്തുന്ന നാലു വിമാനങ്ങൾ കൂടി തിരുവനന്തപുരത്തു നിന്ന് ഇന്ധനം നിറയ്ക്കും. ഇന്ധനക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്നു പല രാജ്യാന്തര വിമാന സർവീസുകളും നിർത്തലാക്കിയെങ്കിലും ലാഭകരമായ സർവീസ് എന്ന നിലയിലാണു മെൽബണിലേക്കും ഫ്രാങ്ക്ഫർട്ടിലേക്കുമുള്ളതു തുടരുന്നത്.ചെന്നൈ വിമാനത്താവളത്തെ അപേക്ഷിച്ചു കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുമെന്നതും ദൂരം കുറവാണെന്നതുമാണു തിരുവനന്തപുരത്തേക്കു ശ്രീലങ്കൻ എയർലൈൻസിനെ ആകർഷിച്ചത്. തിരുവനന്തപുരത്തു നിന്നു സർവീസ് നടത്തുന്ന വിമാനങ്ങൾക്കു നൽകുന്ന അതേ നിരക്കിലാണ് ഇവർക്കും ഇന്ധനം നൽകുന്നത്. നിലവിൽ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഇവിടെ ഇന്ധന വിതരണം നടത്തുന്നത്.അധിക വരുമാനം കണ്ടെത്താൻ രാജ്യാന്തര വിമാനങ്ങളുടെ ഇന്ധന സ്റ്റേഷനായി തിരുവനന്തപുരം വിമാനത്താവളത്തെ മാറ്റണമെന്ന നിർദേശം നേരത്തേ തന്നെ കേന്ദ്രത്തിനു മുന്നിലുണ്ട്. ഇതിനു രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ ആവശ്യമാണ്.