ഊട്ടിയിൽ ഉത്സവത്തിരക്ക്; മേയ് അവസാനം വരെ റിസോർട്ടുകളും ഹോട്ടലുകളും ഹൗസ് ഫുൾ!

ഗൂഡല്ലൂർ • വസന്തോത്സവ പരിപാടികൾ ആരംഭിച്ചതോടെ ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു. മേയ് അവസാനം വരെ ജില്ലയിലെ എല്ലാ റിസോർട്ടുകളിലും ഹോട്ടലുകളിലും ബുക്കിങ് കഴിഞ്ഞു. ഊട്ടിയിലെത്തുന്ന സഞ്ചാരികൾക്കു താമസിക്കാൻ ഇടമില്ലാത്തിനാൽ യാത്രാ പരിപാടി ഒരു ദിവസം മാത്രമാക്കി ചുരുക്കുകയാണ്. സമതല പ്രദേശങ്ങളിൽ ചൂടു കൂടിയതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചു.2 വർഷമായി കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറി. ചെറുകിട വാണിജ്യ കേന്ദ്രങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നു. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് എത്തുന്നവരിൽ ഏറെയും. നാടുകാണി ചുരത്തിൽ രാത്രി 12 മണിക്കും വാഹനങ്ങളുടെ മടക്കയാത്രയുടെ തിരക്കാണ്. പുലർച്ചെ 4നു ചുരം റോഡിൽ വാഹനങ്ങളുടെ തിരക്കു തുടങ്ങും.അതിർത്തി മുതൽ ഗൂഡല്ലൂർ വരെയുള്ള റോഡ് തകർന്ന നിലയിലാണ്. മഴയ്ക്ക് മുൻപ് നിർമാണം പൂർത്തിയാക്കുമെന്നു ഹൈവേ വകുപ്പ് ഉറപ്പ് നൽകിയെങ്കിലും നടപടിയില്ല. കഴിഞ്ഞ 8 ദിവസങ്ങളിൽ മാത്രം ഊട്ടി സസ്യോദ്യാനത്തിൽ 1.38 ലക്ഷം പേരാണ് എത്തിയത്. സഞ്ചാരികളുടെ തിരക്കേറിയതോടെ ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയും വർധിച്ചിട്ടുണ്ട്. ഇതു സഞ്ചാരികളെ മാത്രമല്ല നാട്ടുകാരെയും വലയ്ക്കുന്നു. റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾക്കും വാടക വർധിപ്പിച്ചിച്ചതായി പരാതി ഉയരുന്നുണ്ട്. വാടക വർധിപ്പിച്ച നടപടിയിൽ ജില്ലാ ഭരണകൂടം പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.