വർക്കല പോസ്റ്റ് ഓഫീസിന് ഇനി സ്വന്തം കെട്ടിടം

വർക്കല പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അത് യാഥാർഥ്യമാകുന്നതിൽ ഏറെ സന്തോഷമുണ്ട്. സ്വന്തമായി ഭൂമി ഉണ്ടായിട്ടും സ്വന്തമായി ഒരു കെട്ടിടം ഇല്ല എന്നുള്ളത് ദീർഘകാലത്തെ ആവശ്യമായിരുന്നു. വർക്കല പോസ്റ്റ് ഓഫീസിന് 2.92 കോടി രൂപയാണ് പുതിയ കെട്ടിട നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.

വർക്കല പോസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുന്നതിനായി 20 സെൻറ് വസ്തു വാങ്ങിയിരുന്നു. പോസ്റ്റ് ഓഫീസിൻറെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര തപാൽ വകുപ്പ് മന്ത്രിയെയും തപാൽ വകുപ്പ് മേധാവിയെയും പലതവണ നേരിൽ കാണുകയും കത്ത് നൽകുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് കെട്ടിട നിർമാണത്തിന് ഇപ്പോൾ 2.92 കോടി രൂപ അനുവദിച്ചത്.

റെയിൽവേ വകുപ്പിൽ നിന്നും NOC ആവശ്യമില്ലാതെ തന്നെ വർക്കല മുനിസിപ്പാലിറ്റിയിൽ നിന്നും കെട്ടിട നിർമ്മാണത്തിനുള്ള അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻതന്നെ ലഭ്യമാകുമെന്നും തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. കെട്ടിട നിർമാണത്തിനുള്ള അനുമതി ലഭിച്ചാലുടൻ തന്നെ പണികൾ തുടങ്ങുന്നതിനുള്ള തുടർനടപടികൾ നടത്തുമെന്നും തപാൽവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇത് കൂടാതെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ ഇപ്പോൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട മറ്റ് അഞ്ച് പോസ്റ്റ് ഓഫീസുകൾക്ക് കൂടി സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്.