തൃശൂർ പൂരം കുടയിൽ സവർക്കർ;വിമർശനം,വിവാദം

തൃശൂര്‍ പൂരത്തിന് വേണ്ടി തയ്യാറാക്കിയ കുടകളില്‍ വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍.പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ കുടകളിലാണ് സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെയും നവോത്ഥാന നായകന്‍മാരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും ചിത്രം ഇടംപിടിച്ചിരിക്കുന്നത്.

ചിത്രം വിവാദമായതിന് പിന്നാലെ, വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘ലജ്ജാകരം’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ കുറിച്ചത്.വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സക്രട്ടറി അഡ്വ. പ്രമോദ് ചൂരങ്ങാട്ടും രംഗത്തെത്തി. ഗാന്ധി, നെഹ്‌റു തുടങ്ങിയവര്‍ നയിച്ച സ്വാതന്ത്യ സമര പോരാട്ടങ്ങളില്‍ പുറം തിരിഞ്ഞു നിന്ന സവര്‍ക്കറെ വെള്ളപൂശാന്‍ സ്വാതന്ത്യ സമര പോരാളികള്‍, സമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്നിവര്‍ക്കൊപ്പം ചിത്രം ആലേഖനം ചെയ്താല്‍ ഇന്നലെകളിലെ സത്യം സത്യമായി നിലനില്‍ക്കും എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നു.ഇന്നവര്‍ പൂരത്തിന്റെ കുടമാറ്റകുടയിലൂടെ പരിവാര്‍ അജണ്ട തുടങ്ങി വെക്കുന്നു.തൃശൂരില്‍ വരും കാലത്ത് ഇതിലും വലുത് പ്രതീക്ഷിക്കാം..ദേവസ്വം ഭാരവാഹികളുടെ ഇത്തരം നടപടികള്‍ അപലപനീയമാണ്.’-പ്രമോദ് കുറിച്ചു.

വിഷയത്തില്‍ വിമര്‍ശനവുമായി എഐഎസ്‌എഫും രംഗത്തുവന്നിട്ടുണ്ട്. ‘തൃശൂര്‍ പൂരം സ്‌പെഷ്യല്‍ കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തിനൊപ്പം സവര്‍ക്കറുടെ ചിത്രം വച്ചത് സാസ്‌കാരിക തലസ്ഥാനത്തിന് അപമാനകരമാണ്’ എന്ന് എഐഎസ്‌എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.