വക്കം: അന്നന്നുള്ള അന്നത്തിനു വേണ്ടി മത്സ്യം ഉൾപ്പെടെയുള്ള ഒത്തിരി സാധനങ്ങളുമായി എത്തുന്ന ചെറുകിട കച്ചവടക്കാരിൽ നിന്നും വക്കം പഞ്ചായത്തിൻ്റെ അറിവോടെ ഗേറ്റ് ഫീസ് പിരിവിൻ്റെ പേരിൽ പിടിച്ചുപറി നടക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.ഷൈലജാ ബീഗത്തിനും സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രനും, സി പി ഐ (എം) വക്കം ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റി.ഷാജുവിനും രേഖാമൂലം കച്ചവടക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ അന്വേഷിക്കാനായിമാർക്കറ്റിൽ നേരിട്ടെത്തിയപ്പോഴാണ് കച്ചവടക്കാരുടെ പരാതിക്കെട്ടുകൾ അഴിച്ചിട്ടത്. വളരെവൃത്തിഹീനമായ സ്ഥലത്ത് മഴയും നനഞ്ഞാണ് ഇരുന്നു കച്ചവടം ചെയ്യുന്നതെന്നും തുടർച്ചയായി ഇരിക്കുന്നതുമൂലം പലരും കടുത്ത രോഗികളായി മാറുന്നുണ്ടെന്നുമാണ് കച്ചവടക്കാരുടെ പ്രധാന പരാതി.മാർക്കറ്റിൽടോയ് ലറ്റ് സൗകര്യമുണ്ടെങ്കിലും അതും പൂട്ടിക്കെട്ടി താക്കോൽ അധികൃതർ സൂക്ഷിച്ചിരിക്കുകയാണ്.2021-22-ൽ 7,51,000 രൂപയ്ക്കാണ് മാർക്കറ്റ് ലേലം പോയത്. അന്ന് പച്ചക്കറി വിൽക്കുന്നവരിൽ നിന്ന് ഈടാക്കി വന്നത് ദിവസം 25 രൂപയാണ്. ഈ വർഷം 4, 11,000 രൂപയ്ക്ക് ലേലം പിടിച്ചെങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ തുകയായതിനാൽ ലേലം അംഗീകരിക്കാതെ പഞ്ചായത്ത് നേരിട്ട് പിരിവ് തുടങ്ങിയപ്പോൾ 25 രൂപ ഫീസ് നൽകി വന്നവർ 50 രൂപ വീതം നൽകേണ്ടി വരുന്നു. ഇപ്പോൾ 3,60,000/- രൂപക്ക് മറ്റൊരാൾ കരാർ പിടിപ്പ് പിരിവ് തുടങ്ങിയപ്പോൾ 70 രൂപ വരെ ഫീസ് ഈടാക്കുന്നതായിട്ടാണ് കച്ചവടക്കാരുടെ പരാതി. വളരെ ചെറിയ ചരുവത്തിൽ മീനുമായി എത്തുന്നവർ നേരത്തെ നൽകിയത് 10 രൂപയെങ്കിൽ ഇപ്പോൾ 20 രൂപയാണ് ഫീസ് ഈടാക്കുന്നതെന്നും ചിലരിൽ നിന്ന് മോശമായിട്ടുള്ള പെരുമാറ്റം ഉണ്ടാകുന്നതായും മത്സ്യതൊഴിലാളികൾ പരാതിപറഞ്ഞു. ഒ.എസ്.അംബിക എംഎൽഎ യുടെ ശ്രമഫലമായി ആധുനിക സംവിധാനങ്ങളോടുകൂടി പുതിയ മാർക്കറ്റ് നിർമ്മിക്കാനായി നാലര കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. അമിതമായ ഫീസ് പിരിവും മാർക്കറ്റിൻ്റെ ശോചനീയാവസ്ഥയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ശാശ്വത പരിഹാരം ഉടൻ കണ്ടെത്താൻ ശ്രമിക്കുമെന്നു അഡ്വ.ഷൈലജാ ബീഗം കച്ചവടക്കാർക്ക് ഉറപ്പു നൽകി. സി പി ഐ (എം) വക്കം ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്.ജ്യോതിസാർ, സതീശൻ, ബി.നിഷാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.