ഒരു ഭാഗത്ത് മതനിരപേക്ഷത തകര്‍ക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഇവര്‍ വിലകല്‍പ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാന്‍ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കി വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് പ്രബലമായ രണ്ട് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വ്യാപക ആക്രമണങ്ങളാണ് സംഘടിപ്പിക്കുന്നത്. അതോടൊപ്പം നമ്മുടെ രാജ്യത്തെ പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കെതിരെ നീതി രഹിത നടപടികള്‍ ഉണ്ടാകുന്നു. സംഘപരിവാര്‍ശക്തികള്‍ക്ക് അവരുടെതായ ലോകമാണ് സൃഷ്ടിക്കേണ്ടത്. അതിനെതിരായ നില്‍ക്കുന്നവര്‍ക്കെതിരെയാണ് കടുത്ത നടപടികള്‍ ഉണ്ടാകുന്നത്്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നുവരുന്നു. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഈ കാടത്തത്തിനെതിരെ രംഗത്തുവരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വാക്കാലെങ്കിലും ശക്തമായി നേരിടാന്‍ കഴിയാത്ത നേതൃത്വമായി അവര്‍ മാറി. ബിജെപിയുടെ ബിടീമായി കോണ്‍ഗ്രസ് മാറി. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത് കഴിഞ്ഞ കുറെക്കാലത്തെ അനുഭവമാണ്. വര്‍ഗീയതയുടെ ചില പ്രതീകങ്ങള്‍ എടുത്തണിയാന്‍ കോണ്‍ഗ്രസിന്റെ പരമോന്നത നേതാക്കള്‍ക്ക് അടക്കം മടിയില്ലാതെ കഴിയുന്നു. കോണ്‍ഗ്രസിന് വര്‍ഗീയനീക്കങ്ങളെ തടയാനോ രാജ്യത്തിന്റെ മതനിരപേക്ഷത ശരിയായ അര്‍ത്ഥത്തില്‍ സംരക്ഷിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരികയാണ്. ആ പ്രതിഷേധം വലിയ തോതില്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് അത്തരമൊരുനിലാപാട് സ്വീകരിക്കാന്‍ കഴിയുന്നുണ്ടോയെന്നും പിണറായി ചോദിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കണമെന്ന് അധ്യക്ഷത വഹിച്ച സിപിഐ സ്റ്റേറ്റ് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാലേ സെഞ്ച്വറി അടിക്കാന്‍ ആവുകയുള്ളുവെന്ന എല്ലാവരും ഓര്‍ക്കണം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം എന്തെല്ലാം കുപ്രചാരണങ്ങളാണ് ഇറക്കിയതെന്ന് എല്ലാവര്‍ക്കും അറിയാം. പൊതുജീവിത്തില്‍ ജനങ്ങള്‍ക്കെതിരായ നടപടികള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം എന്താണ് ചെയ്യുന്നത്. സംസ്ഥാനത്തെ വികസനത്തെ പിന്നോട്ടടിപ്പിക്കുന്ന നിലപാടാണ് പ്രതിപക്ഷ എംപിമാര്‍ ചെയ്യുന്നത്. കേരളത്തിലെ വികസനത്തിന് അനുമതി നല്‍കരുതെന്നാണ് പ്രതിപക്ഷ എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. അതിനെതിരായ ജനവിധിയാകണം തൃക്കാക്കരയില്‍ ഉണ്ടാകേണ്ടതെന്നും കാനം പറഞ്ഞു.