ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്.

ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി കഴിച്ചുടന്‍ തന്നെ സുലേഖയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട് ഇവരെ കല്ലാച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ടോടെ അസ്വസ്ഥത വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇവരെ കോഴിക്കോടുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരവേയായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരികയാണ്.