*മോഷ്ടിച്ച മൊബൈൽഫോൺ കുരുക്കായി മോഷ്ടാവ് പിടിയിൽ*

വർക്കല: വീട്ടിൽനിന്ന്‌ മൊബൈൽഫോണുമായി കടന്ന മോഷ്ടാവിനെ അതേ ഫോൺ തന്നെ കുടുക്കി. പാളയംകുന്ന് കോവൂർ ചെറ്റക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്നു വിളിക്കുന്ന അജിത്ത്(25) ആണ് പിടിയിലായത്. പാളയംകുന്ന് കോവൂർ അജ്മൽ മൻസിലിൽ അജ്മലിന്റെ വീട്ടിൽനിന്നാണ് മൊബൈൽഫോൺ മോഷ്ടിക്കുകയും സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് വീട്ടിലെ രണ്ടാംനിലയിൽ കയറി മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത്.ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോൾ പ്രതി അജ്മലിന്റെ മൊബൈൽ ഫോണുമെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അയിരൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമാതുറയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

ആട്, ബൈക്ക് എന്നിവ മോഷ്ടിച്ചതുൾപ്പെടെ നിരവധി കേസുകളിൽ മുമ്പും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. അയിരൂർ എസ്.ഐ. സജിത്ത്, എ.എസ്.ഐ. ഷിർജു, പോലീസുകാരായ സുഗുണൻ നായർ, പ്രണവ്, ശംഭുരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.