*സ്ത്രീകളെ നിരന്തരം ഫോൺ ചെയ്തു ശല്യം ചെയ്യൽ: പ്രതി പള്ളിക്കൽ പോലീസ് പിടിയിൽ .*

സ്ത്രീകളെ നിരന്തരം ഫോൺ ചെയ്തു ശല്യം ചെയ്യുന്ന പ്രതി അറസ്റ്റിൽ. മടവൂർ മാങ്കോണം ക്ലാവറക്കുന്ന് കുറുങ്കുളത്തുകോണം നിസാം മൻസിലിൽ നിസാം(44) ആണ് അറസ്റ്റിലായത്.സ്ത്രീകളുടെ ഫോൺ നമ്പർ കരസ്ഥമാക്കി നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത് . സ്ത്രീകളുടെ ഫോൺ നമ്പറിൽ വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യും. സ്ത്രീകൾ എതിർക്കുമ്പോൾ ഇയാൾ അവരെ അസഭ്യ വർഷം നടത്തും . അഭിമാനം ഭയന്ന് പല സ്ത്രീകളും പരാതി പറയാൻ കൂട്ടാക്കിയില്ല . ഇത് കാരണം പ്രതി നിരന്തരം മറ്റ് സ്ത്രീകളെ ശല്യം ചെയ്യൽ തുടർന്ന് കൊണ്ടിരുന്നു . ഇപ്പോൾ പള്ളിക്കലുള്ള ഒരു സ്ത്രീയുടെ പരാതിയിലാണ് പള്ളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും . ഈ സ്ത്രീയുടെ നമ്പറിൽ കഴിഞ്ഞ കുറെ നാളുകളായി പ്രതി ശല്യം ചെയ്യൽ നടത്തികൊണ്ടിരുന്നു . നിരന്തരം വിലക്കിയിട്ടും പ്രതി ആവർത്തിച്ചു കൊണ്ടിരുന്നു . തുടർന്നാണ് സ്ത്രീ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പ്രതി മുൻപ് നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു.  ഇയാൾക്കെതിരെ കടയ്ക്കൽ , പള്ളിക്കൽ പോലീസ് സ്റ്റേഷനുകളിൽ മുൻപ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . പള്ളിക്കലുള്ള പട്ടിക ജാതിക്കാരിയും ഗർഭിണിയുമായ ഒരു സ്ത്രീയെ ഉപദ്രവിച്ചതിനു പ്രതിക്കെതിരെ കേസ് നിലവിലുണ്ട് . ഈ കേസ് വിചാരണ ഘട്ടത്തിലാണ് . ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . പള്ളിക്കൽ സി ഐ ശ്രീജിത്ത് പി, എസ് ഐ സാഹിൽ എം, എ എസ് ഐ അനിൽകുമാർ, സി പി ഒ സിയാസ് , വിനീഷ് , രതീഷ് സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.