കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടിൽ സന്ദർശനത്തിന് പോയി. എഴുപതുകളുടെ മധ്യത്തിലുള്ള അപ്പച്ചൻ മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. അമ്മച്ചി രണ്ടുവർഷം മുൻപ് മരിച്ചു. അപ്പച്ചന്റെ മക്കളെല്ലാം വിദേശത്ത് കുടുംബമായി സെറ്റിൽ ചെയ്തവരാണ്. അതിന്റെ പ്രൗഢി പ്രതിഫലിക്കുന്ന വമ്പനൊരു വീടാണ് ഇളയമകൻ പഴയ കുടുംബവീട് പൊളിച്ചു പണിതിട്ടുള്ളത്.അപ്രതീക്ഷിതമായി ഒരു അതിഥിയെ കണ്ടപ്പോൾ പ്രായത്തിന്റെ ക്ഷീണതകളുള്ള അപ്പച്ചന്റെ മുഖത്ത് തിളക്കം. 'കുറച്ചുനേരം നേരിൽക്കണ്ട് സംസാരിച്ചിരിക്കാൻ ഒരാളായല്ലോ' എന്നതാണ് അതിന്റെ കാരണമെന്ന് വ്യക്തം. മക്കളും കൊച്ചുമക്കളുമെല്ലാം വിദേശത്തുള്ള നമ്മുടെ നാട്ടിലെ മാതാപിതാക്കൾ നേരിടുന്ന വലിയ പ്രശ്നമാണ് ഏകാന്തത. വാട്സാപ്പും സ്‌കൈപ്പും വിഡിയോകോളുമൊന്നും, വേണ്ടപ്പെട്ടവരുടെ ഫിസിക്കൽ സാന്നിധ്യത്തിന് പകരമാകില്ല. ഒരു താൽകാലികശാന്തി മാത്രം.പക്ഷേ വീട്ടിലേക്ക് കയറിയപ്പോൾ ആകെപ്പാടെ ശോകമൂകമായ അന്തരീക്ഷം. പുറംകാഴ്ചയുടെ പ്രൗഢിയൊന്നും ഇപ്പോൾ ഉള്ളിൽ കാണാനില്ല. നന്നായി കാശുപൊടിച്ച് ചെയ്ത ഇന്റീരിയറാണ്. പക്ഷേ മുന്തിയ ഫോൾസ് സീലിങ് നിറയെ ചിലന്തിവലയും പ്രാണികളുടെ കാഷ്ഠവും പൊടിയും പറ്റിപ്പിടിച്ചു വൃത്തികേടായികിടക്കുന്നു. ചൂലുകണ്ടിട്ട് ഒരു വർഷമെങ്കിലും ആയെന്ന് വ്യക്തം. സോഫയിൽ തൊട്ടാൽ പൊടിപറക്കും. പഴയ പേപ്പറുകൾ സ്വീകരണമുറിയിൽ കൂട്ടിയിട്ടിരിക്കുന്നു. 2022 ലെ കലണ്ടർ ഇപ്പോഴും ജനുവരി കടന്നിട്ടില്ല. ക്ളോക്ക് ചത്തുമരവിച്ചിട്ട് മാസങ്ങളായിക്കാണും.കുറച്ചു വർഷങ്ങൾക്ക് മുൻപ് അമ്മച്ചി ഓടിനടക്കുന്ന സമയത്ത് ഞാൻ ആ പഴയ വീട്ടിൽ പോയിട്ടുണ്ട്. ചെറുതെങ്കിലും അടുക്കും ചിട്ടയുമുള്ള വീട്. പിന്നീട് ഈ പുതിയവീട് പണിതശേഷവും ഇരുവരെയും സന്ദർശിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരെക്കൊണ്ട് ഫലപ്രദമായി പണിയെടുപ്പിക്കുന്ന ഒരു ഗൃഹനാഥയുടെ സാമർഥ്യം ആ വീട് കാണുമ്പോൾത്തന്നെ മനസിലാകുമായിരുന്നു. പക്ഷേ ഇത്തവണത്തെ സന്ദർശനത്തിൽ ഇങ്ങനെയൊരു കാഴ്ച പ്രതീക്ഷിച്ചില്ല...എന്റെകൂടെ ഭാര്യയും കുഞ്ഞുമുള്ളതുകൊണ്ട് അപ്പച്ചൻ ആദ്യമേ മുൻകൂർ ജാമ്യമെടുത്തു: 'വീടിനകമെല്ലാം വൃത്തികേടായി കിടക്കുവാണ്. കുഞ്ഞിനെ നിലത്തുവിടണ്ട;...പ്രാഥമികമായ കുശലാന്വേഷണങ്ങൾക്ക് ശേഷം അത്രയും കാലം തടയണ കെട്ടിനിർത്തിയിരുന്ന മനസ്സിലെ വിഷമങ്ങൾ അപ്പച്ചൻ തുറന്നുവിട്ടു.'എന്റെ മോനെ, ഭാര്യ പോയാൽ പിന്നെ എല്ലാംപോയി. പത്തുനാല്പത്തഞ്ചുകൊല്ലം എന്റെ നിഴലായി നടന്നവളാണ്. അവൾ ഉള്ളപ്പോൾ ഞാൻ ഒരു കുറവും അറിഞ്ഞിട്ടില്ല. വീട് നടത്തിക്കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അവൾ എന്നെ അറിയിച്ചിട്ടില്ല. എന്റെ യൗവ്വനകാലത്ത് ജീവിതം ഇതുപോലെ സുഭിക്ഷമല്ല. നല്ലതുപോലെ മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ചാണ് മക്കളെ വളർത്തിയത്. ഞങ്ങളുടെ നല്ലപ്രായത്തിൽ അവളെ ഒരു സിനിമയ്ക്കോ ഷോപ്പിങ്ങിനോ പോലും ഞാൻ കൊണ്ടുപോയിട്ടില്ല. കാശുണ്ടാക്കി, മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു. വിവാഹം കഴിപ്പിച്ചു. അവർ വിദേശത്തു പോയി. അവർക്ക് മക്കളായി. എല്ലാവരും അവിടെ സെറ്റിലായി. ഞങ്ങളുടെ നല്ലപ്രായം മുഴുവൻ മക്കൾക്ക് വേണ്ടിയാണ് ജീവിച്ചത്.അമ്മച്ചിയുടെ കുഴിമാടത്തിൽ മണ്ണിട്ടിട്ട് പോയതാണ് മക്കളെല്ലാവരും. വർഷം രണ്ടുകഴിഞ്ഞു. അവരുടെ കുറ്റബോധം തീർക്കാനെന്ന പേരിൽ വരുന്ന വിഡിയോകോളുകൾ മാത്രമാണ് മക്കളുമായി ഇപ്പോഴുള്ള ബന്ധം.ഇളയവൻ ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് കൊട്ടാരം പോലുള്ള ഈ വീട്. ഇത് അവർക്ക് നാട്ടുകാരെ കാണിക്കാനുള്ള കൊട്ടാരമായിരിക്കും. രണ്ടോ മൂന്നു വർഷം കൂടുമ്പോൾ പത്തുദിവസം വന്നുതാമസിക്കാനുള്ള ഇടത്താവളം. പക്ഷേ എനിക്കും അവൾക്കും ഇത് ജയിലായിരുന്നു. സ്‌ട്രോക്ക് വന്ന് വയ്യാഞ്ഞ സമയത്തുപോലും അവൾ ജോലിക്കാരിയെക്കൊണ്ട് ഒരുവിധം വീട് വൃത്തിയാക്കിയിടുമായിരുന്നു. പക്ഷേ അവൾ പോയതോടെ ജോലിക്കാർക്ക് സർവസ്വാതന്ത്ര്യമായി. വൃത്തിയാക്കൽ തോന്നുംപടിയായി. ഒരു ഗൃഹനാഥയെപ്പോലെ ജോലിക്കാരെ മേയിക്കാനുള്ള സാമർഥ്യമൊന്നും എനിക്കില്ല. മാത്രമല്ല ഇപ്പോൾ എനിക്ക് പേടിയാണ്. ഞാൻ മുഖം കറുപ്പിച്ച് വല്ലതുംപറഞ്ഞ് അവർ ഇട്ടിട്ടുപോയാൽ എന്റെ കഞ്ഞികുടി മുട്ടും. അതുകൊണ്ട് ഞാൻ മിണ്ടാനേപോകാറില്ല.പഴയ വീട്ടിൽ എനിക്ക് സൗകര്യമായി ഇരുന്നു കുളിക്കാൻ പാകത്തിൽ സൗകര്യമുള്ള പഴയ കുളിമുറിയുണ്ടായിരുന്നു. ഈ വീട്ടിൽ കുളിമുറിയിൽ പോകുന്നതുതന്നെ പേടിച്ചാണ്. പിടിക്കാൻ ഒരു ഹാൻഡിൽ പോലുമില്ല. തെന്നിവീണാൽ തലയിടിക്കുന്നത് ബാത്ത് ടബ്ബിലാണ്. അതിനുള്ളിൽ സർക്കസ് കാണിച്ചു കയറിനിന്നുവേണം കുളിക്കാൻ. അവരുടെ ഗൾഫിലൊക്കെ ബാത്റൂം ഇങ്ങനെയാണത്രെ.പഴയൊരു സിനിമാപ്പാട്ടുണ്ട്: 'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർ വരും; കരയുമ്പോൾ കൂടെക്കരയാൻ നിൻനിഴൽമാത്രം വരും'...അതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ.സീൻ ഡാർക്കായി എന്നുമനസ്സിലായ ഞാൻ വിഷയം മാറ്റിവിട്ടു.അങ്ങനെ അപ്പച്ചൻ ഒന്ന് തണുത്തു എന്ന് ബോധ്യമായപ്പോൾ കുഞ്ഞിനെക്കൊണ്ട് അപ്പച്ചന് ഉമ്മയും കൊടുപ്പിച്ച് തൽക്കാലത്തേക്ക് ഹാപ്പിയാക്കി ഞങ്ങൾ അവിടെനിന്നിറങ്ങി.
ഇത് അപ്പച്ചന്റെ മാത്രം വിഷയമല്ല. ഏകദേശം 30 ലക്ഷത്തിലേറെ മലയാളികൾ പ്രവാസികളായുണ്ട്. അപ്പോൾ വയസ്സാംകാലത്ത് നാട്ടിൽ തനിച്ച് താമസിക്കുന്ന മാതാപിതാക്കൾ എത്രയുണ്ടാകും എന്നൂഹിച്ചുനോക്കൂ! പറയാൻ ഉദ്ദേശിച്ചത്, നമ്മുടെ വീടുകൾ കുറച്ചുകൂടി വയോജനസൗഹൃദം (Old Age Friendly) ആകേണ്ടതുണ്ട്.
മാതാപിതാക്കൾ വർഷങ്ങളായി ഇടപഴകി പരിചയിച്ച വീട് പൊളിച്ചുകളഞ്ഞു, വലിയ കൊട്ടാരം പണിത് മാതാപിതാക്കളെ അവിടെ താമസിപ്പിക്കുന്നവരുണ്ട്. വീട്ടുകാര്യങ്ങൾ നോക്കാൻ കാര്യസ്ഥനും നിരവധി ജോലിക്കാരുമുണ്ടായിരുന്ന പഴയ കാലത്ത് ഇതൊക്കെ 'ഓകെ' ആയിരുന്നു. എന്നാൽ എന്നതല്ല സ്ഥിതി. പഴയ കഥകളിലെ 'നിധികാക്കുന്ന ഭൂതത്തെപ്പോലെ' ഇവർ ഇവിടെ ജീവിച്ചുമരിക്കാൻ നിർബന്ധിതരാകുന്നു. ഇതിനുള്ള പരിഹാരം കൂടി പറയാം. വളരെ ഭംഗിയിലും ഒതുക്കത്തിലും പഴയ വീടുകൾ നവീകരിക്കാൻ ഇപ്പോൾ സാധിക്കും. ഈ സാധ്യത പരീക്ഷിച്ചുകൂടെ?. അതല്ലെങ്കിൽ ഫുട്‍ബോൾ ഗ്രൗണ്ട് പോലെ അകത്തളമുള്ള വീട് ഒഴിവാക്കി ഒതുക്കമുള്ള വീട് മാതാപിതാക്കൾക്ക് പണിതുകൊടുത്തുകൂടെ? ഭാവിയിൽ നിങ്ങൾ നാട്ടിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാലത്ത് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വീടുപണിയാമല്ലോ? ഏറ്റവും വലിയ കോമഡി, ഈ വിദേശത്ത് സെറ്റിലായ മക്കളുടെ മക്കളിൽ ഭൂരിഭാഗത്തിനും നാടുമായി ഒരു അറ്റാച്മെന്റും ഉണ്ടായിരിക്കില്ല. അവർ ഏതെങ്കിലുംകാലത്ത് ഈ 'ബാധ്യത'കളെല്ലാം കിട്ടിയകാശിനു വിറ്റൊഴിക്കും.നാളെ നിങ്ങൾക്കും പ്രായമാകും എന്നോർമവേണം. നിങ്ങൾ ഇന്ന് വിതയ്ക്കുന്നതുതന്നെ അന്ന് കൊയ്യേണ്ടിവരും. അത് വീടായാലും ബന്ധങ്ങളായാലും.. ആർക്കും സമയമില്ലാത്ത ഈ കാലത്ത്, വല്ലപ്പോഴും മിന്നൽസന്ദർശനത്തിനെത്തി താമസിക്കാൻ 'ഫൈവ് സ്റ്റാർ റിസോർട്ടുകൾ' പോലെ വീട് നിർമിച്ചിടണോ എന്ന് ഇനി വീടുപണിയുന്നവരെങ്കിലും ചിന്തിക്കാൻ ഈ അനുഭവം ഉപകരിക്കട്ടെ...