തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേര്‍ക്ക് രോഗലക്ഷണമുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തി. ഇതോടെ കോളജില്‍ നടന്നുവന്ന കലോത്സവം മാറ്റിയതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.കഴിഞ്ഞ 15ന് കോളജ് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയറിളക്കം ബാധിച്ച് ഏറെ പേര്‍ ചികിത്സ തേടിയിരുന്നു. മറ്റ് കുട്ടികള്‍ക്കും വയറിളക്ക ലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്നാണ് കോളജ് കോമ്പൗണ്ടിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി ചിലര്‍ പരിശോധന നടത്തിയത്. അതിന്റെ ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്. രണ്ട് പേരുടെ ഫലമാണ് പോസിറ്റിവായത്. ആരോഗ്യവകുപ്പ് അധികൃതര്‍ കോളജിലെത്തി പ്രിന്‍സിപ്പലുമായി സംസാരിച്ചു. ആര്‍ട്‌സ് ഫെസ്റ്റിവല്‍ സംഘാടകരുമായും ചര്‍ച്ച നടത്തി.കോളജില്‍ വയറിളക്ക സംബന്ധ ലക്ഷണങ്ങളുമായി ധാരാളം വിദ്യാര്‍ഥികളുണ്ടെങ്കിലും പലരും പരിശോധനക്ക് മടിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് വിധേയമാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന ബാക്ടീരിയ പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണസാധ്യതയുമുണ്ട്.