ഉമ്മുൽഖുവൈൻ ഹൈവേക്ക് സമീപത്തെ വിമാനം പൊളിച്ചു; ഉടമ കുപ്രസിദ്ധ ആയുധ വ്യാപാരി

ദുബായ്• ഉമ്മുൽഖുവൈൻ എയർ സ്ട്രിപ്പിനടുത്ത് ബരാക്കുട ബീച്ച് റിസോട്ടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടിരുന്ന റഷ്യൻ വിമാനം പൊളിച്ചു തുടങ്ങി. ദ് ഇല്യൂഷിൻ ഐഎൽ76 എന്ന 153 അടി നീളമുള്ള വിമാനം പൂർണമായി പൊളിച്ചു നീക്കാൻ പത്താഴ്ചയോ അതിലധികമോ വേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം.ഉമ്മുൽഖുവൈനിലേക്ക് പോകുന്നവർക്ക് വിസ്മയകരമായ കാഴ്ചയായിരുന്നു മരുഭൂമിയിൽ ചിറകുവിരിച്ചു നിന്നിരുന്ന ഈ ഭീമൻ പക്ഷി. മൂന്നു മാസത്തിനുള്ളിൽ ആ കാഴ്ചയും അന്യമാകും. 1959 മുതൽ സോവ്യറ്റ് യൂണിയന്റെ യുദ്ധവിമാനങ്ങളുടെ നിരയിലെ പോരാളിയായിരുന്നു ഐഎൽ76. സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ആ വിമാനം പിന്നീട് റഷ്യയുടെ വ്യോമസേനയിലായി.എന്നാൽ 90 കളിൽ ഇത് ഡിക്കമ്മീഷൻ ചെയ്തതോടെ ഷാർജയിൽ നിന്ന് പണ്ട് സർവീസ് നടത്തിയിരുന്ന എയർ സെസിന് അതു വിറ്റു. എന്നാൽ ഇത് കുപ്രസിദ്ധനായ ആയുധ വ്യാപാരി വിക്ടർ ബൂട്ടിന്റെതായിരുന്നു. വിമാനങ്ങൾ ആയുധം കടത്താൻ ഉപയോഗിച്ചു എന്ന ആരോപണം വന്നതോടെ രണ്ടായിരത്തിൽ വിക്ടറിനെ യുഎഇ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നു നിരോധിച്ചു.2008ൽ ഇയാൾ അമേരിക്കയിൽ അറസ്റ്റിലാകുകയും 25 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. അതേ സമയം ഈ വിമാനം അയാൾ ഇവിടുത്തെ ഒരു പരസ്യ കമ്പനിക്ക് വിറ്റത്രേ. വിദഗ്ധനായ ഒരു വൈമാനികനെ വച്ച് ഇത് അവിടെ നിന്ന് മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഹൈവേക്കു സമീപം ഇറക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ.രണ്ടായിരത്തിലായിരുന്നു അത്. പിന്നീട് രണ്ടു ദശകത്തോളം ആ വിമാനം സന്ദർശകർക്കെല്ലാം കൗതുകം വിടർത്തിയ കാഴ്ചയായിരുന്നു. ഏതു കമ്പനിയാണ് പൊളിച്ചു വിൽക്കുന്നതെന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.