പന്തളം : സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ 140 കിലോ ഭാരമുള്ള ഗർഭിണിയായ യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചു വനിതാ ഡോക്ടർ. ഐരാണിക്കുടി ശബരി ഭവനിൽ ബാലൻ വേലായുധന്റെയും കനകയുടെയും മകളായ ഡോ.ശരണ്യ സുജിത്താണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തി ശ്രദ്ധേയയായത്. അഹമ്മദാബാദ് ഷിഫ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് ഇവർ. അഹമ്മദാബാദ് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി, 9 മാസം ഗർഭിണിയായിരിക്കെയാണ് 18ന് രാവിലെ ഡോ. ശരണ്യയെ കാണാനെത്തുന്നത്.മറ്റ് 4 ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അവർ കയ്യൊഴിഞ്ഞതോടെയാണ് ഷിഫ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ കുറവ്, അമ്മയ്ക്ക് അമിത രക്തസ്രാവത്തിനുള്ള സാധ്യത, നീരുവന്ന ശരീരം അടക്കം ഹൈ റിസ്ക് ഗണത്തിലായിരുന്നു യുവതിയുടെ സ്ഥിതി. യുവതിക്ക് വണ്ണം കൂടുതലുള്ളത് കാരണം 2 ടേബിളുകൾ ചേർത്തിട്ടാണ് തിയറ്റർ സജ്ജമാക്കിയത്. രക്തസമ്മർദം പരിശോധിച്ചപ്പോൾ 180/110 എന്ന അപകടനിലയിൽ.അമ്മയ്ക്ക് അപസ്മാരം വരാനും കുഞ്ഞിന്റെ ജീവന് ഭീഷണിയാകാനുമുള്ള സാധ്യതയും ആശങ്കയായിരുന്നു. ഗർഭിണിയായിരിക്കെ ആവശ്യമായ പരിശോധനകൾ നടത്തുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമുണ്ടായ അശ്രദ്ധയാകാം രോഗാവസ്ഥയിലെത്തിച്ചതെന്നാണ് നിഗമനം. 90 കിലോ ഭാരമുണ്ടായിരുന്ന യുവതിക്ക് ഗർഭിണിയായിരിക്കെയാണ് ഭാരം വലിയ തോതിൽ വർദ്ധിച്ചത്. അനസ്തീഷ്യ സ്പെഷലിസ്റ്റിന്റെ സഹായത്തോടെ ക്രമമായി മരുന്ന് നൽകി രക്തസമ്മർദം നിയന്ത്രിച്ച ശേഷം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് ഒരു മണിക്കൂർ 40 മിനിറ്റ് സമയമെടുത്തു.
പത്തനംതിട്ട സ്വദേശിനിയായ നഴ്സ് സൂസന്‍ ജോണ്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു അത്. കുഞ്ഞിനൊപ്പം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ യുവതി നന്ദി പറഞ്ഞെന്നും ഡോക്ടറെന്ന നിലയിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ഡോ. ശരണ്യ പറഞ്ഞു. എൻജിനീയറായ സുജിത് സേതുമാധവനാണ് ഭർത്താവ്. അച്ഛനും അമ്മയും അടങ്ങുന്ന ഡോ. ശരണ്യയുടെ കുടുംബം 30 വർഷമായി സൂറത്തിലാണ് താമസം. ഇപ്പോൾ ഭർത്താവിനൊപ്പം അഹമ്മദാബാദിലാണ് ഡോ. ശരണ്യ.