‘എന്റെ കൂടെ എന്റെ മകൾ ഇതുപോലെ ഒരു വേദിയിലിരിക്കുമെന്നു ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അവൾ സിനിമയിൽ അഭിനയിക്കുമെന്നും കരുതിയിട്ടില്ല. ഒരു ക്ഷേത്ര മുറ്റത്തുവച്ചാണ് അവളും ഞാനും ആദ്യമായി ഒരേ വേദി പങ്കിടുന്നതെന്നതും സന്തോഷകരമാണ്.’’ മകൾ കല്യാണിക്കൊപ്പം ആദ്യമായി വേദി പങ്കിട്ടതിനെപ്പറ്റി പറയുമ്പോൾ പങ്കിട്ടതിനെപ്പറ്റി സംവിധായകൻ പ്രിയദർശന്റെ വാക്കുകളിലുള്ളത് നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു പ്രിയദർശനും കല്യാണിയും ഒരുമിച്ച് ആദ്യമായി ഒരു പൊതുവേദിയിലെത്തിയത്.സെറ്റിൽ വന്നാലും പെട്ടെന്നു മടങ്ങുന്ന കല്യാണി തന്നോട് ഒരിക്കൽപോലും സിനിമയെക്കുറിച്ചു സംസാരിച്ചിരുന്നില്ലെന്നു പ്രിയൻ പറഞ്ഞു. ‘‘അമേരിക്കയിൽ ആർക്കിടെക്ട് ബിരുദത്തിനു പഠിക്കാൻ പോയ അമ്മു അതു നന്നായി ചെയ്താണു തിരിച്ചെത്തിയത്. ഇനി എന്തു ചെയ്യുമെന്നു ഞാൻ ചോദിച്ചിട്ടുമില്ല. അതിനിടയ്ക്കാണ് എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നോടു നാഗാർജുനയുടെ സിനിമയിൽ അഭിനയിക്കട്ടേ എന്നു ചോദിച്ചത്. സർവ ദൈവങ്ങളെയും വിളിച്ചാണു സമ്മതിച്ചത്. പരാജയപ്പെട്ടാൽ അത് എന്നെക്കാൾ അവളെ വേദനിപ്പിക്കുമെന്നതായിരുന്നു പേടി. പക്ഷേ അവൾ നന്നായി ചെയ്തു. ഒരച്ഛൻ മകൾക്കൊപ്പം വേദി പങ്കിടുന്നതിലും വലുതായി ഒന്നുമില്ല.’’ പ്രിയൻ പറഞ്ഞു.കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ എന്നിവരും വേദിയിലുണ്ടായിരുന്നു. ‘പ്രിയദർശൻ ഇനി ഒരു ദിവസം കല്യാണിയുടെ അച്ഛനെന്ന് അറിയപ്പെടും. പ്രിയദർശനെന്നല്ല ഏത് അച്ഛനും അതായിരിക്കും ഏറ്റവും സന്തോഷകരമായ ദിവസം. ആ ദിവസം വരട്ടെയെന്നു പ്രാർഥിക്കുന്നു. ആ ഉത്തരവാദിത്തം കല്യാണിയെ ഏൽപ്പിക്കുകയും ചെയ്യുന്നു.’ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. എഴുന്നേറ്റുനിന്നു നെഞ്ചിൽ കൈവച്ചാണ് കല്യാണി ആ വാക്കുകളോടു പ്രതികരിച്ചത്.