ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയെ ഉപദ്രവിച്ച് മാല മോഷണം നടത്തിയ പ്രതികൾ പിടിയിൽ

കുന്നിക്കോട്: വീട്ടമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി മോഷണം നടത്തുകയും വീട്ടമ്മയെ ഉപദ്രവിക്കുകയും ചെയ്ത പ്രതികളെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് മേലില മനേഷ് ഭവനിൽ മനോജ് (28) , മേലില വയലിറക്കത്ത് പുത്തൻവീട്ടിൽ ഹരികൃഷ്ണൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 30  ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. തലവൂർ മഞ്ഞക്കാല ചരുവിള പുത്തൻവീട്ടിൽ ശ്യാമളയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ശ്യാമള ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശ്യാമളയുടെ വീട്ടിലെത്തിയ പ്രതികൾ ഇവരുടെ മേലിലയിലുള്ള വസ്തു വാങ്ങാൻ വന്നവരാണെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറുകയും ഇവരെ തള്ളി തറയിലിട്ട ശേഷം കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണ്ണ മാല ഊരിയെടുത്തുകൊണ്ട് പോവുകയും ചെയ്തു. മനോജും , ഹരികൃഷ്ണനും  മുൻപും നിരവധി കേസുകളിൽ  പ്രതികളാണ്. കുന്നിക്കോട് ഇൻസ്‌പെക്ടർ പി. ഐ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ജോയ് , എസ്.ഐ സലാഹുദ്ധീൻ എ.എസ്.ഐ ലാലു, സി.പി.ഒ മാരായ മധു , മറിയക്കുട്ടി  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ  പിടികൂടിയത്.