പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല,പത്താംക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങി മരിച്ചു

പാലക്കാട്: പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പത്താംക്ലാസുകാരൻ ആത്മഹത്യചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തൂങ്ങിമരിച്ചത്.

കൂട്ടുകാരെപ്പോലെ തനിക്കും മൊബൈല്‍ഫോണ്‍ ഓണ്‍ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അഭിജിത്ത്. എസ്‌എസ്‌എല്‍സി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയായിരുന്നു സംഭവം.

നേരത്തെ പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെത്തുടര്‍ന്ന് അഭിജിത്തിനെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും പബ്ജി കളിക്കാന്‍ വേണ്ടി പുതിയ ഫോണ്‍ വേണം എന്ന് അഭിജിത്ത് നിരന്തരം അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പ്പെട്ട് താമസിക്കുന്ന ബിന്ദുവിന് സാമ്ബത്തിക ശേഷി ഇല്ലാത്തതുകൊണ്ട് പിന്നീട് വാങ്ങിത്തരാം എന്ന് പറഞ്ഞുവെങ്കിലും അഭിജിത്ത് വഴങ്ങിയില്ല. ഞായറാഴ്ച രാത്രിയോടെയാണ് അഭിജിത്ത് വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.