അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന കനകകുന്നിലെ ‘എന്റെ കേരളം മെഗാമേള’യ്ക്ക് നാളെ സമാപനമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കണ്ട കാഴ്ചകള്‍ പിന്നെയും കാണാനും, കണ്ടുവച്ച സാധനങ്ങള്‍ വാങ്ങാനും സൗജന്യ സേവനങ്ങള്‍ ഉപയോഗപെടുത്താനുമായി വലിയ ആള്‍ക്കൂട്ടം സജീവമാണ്.സേവന സ്റ്റാളുകളില്‍ വിവിധ സേവനങ്ങള്‍ തേടിയെത്തുന്നവരും നിരവധിയാണ്. കേരളത്തില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളായ കുട്ട, വട്ടി, മുറം തുടങ്ങിയവയ്ക്കും കയര്‍ ഉത്പന്നങ്ങള്‍ക്കും മികച്ച വിപണന സാധ്യതയാണ് തുറന്ന് കിട്ടിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിട്ട വ്യാപാരികള്‍ക്ക് കമ്പോളം തിരികെ പിടിക്കാനുള്ള അവസരവും മേളയിലൂടെ ലഭിച്ചു.കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്റ്റാളുകള്‍ സ്ത്രീശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്. കുടുംബശ്രീയും മസ്‌ക്കറ്റ് ഹോട്ടലും എല്ലാം ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയും ഏവരെയും ആകര്‍ഷിക്കുന്നതാണ്. മസ്‌ക്കറ്റ് ഹോട്ടിലിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന 31 ഇനം ദോശകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. എല്ലാ ദിവസവും നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കാളികളാകാന്‍ വന്‍ ജനതിരക്കാണ് അനുഭവപ്പെടുന്നത്.