തൃക്കാക്കരയിൽ എട്ട് സ്ഥാനാർത്ഥികൾ, പത്തുപേരുടെ പത്രികകൾ തള്ളി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എട്ട് സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായത്.ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഖി ഉമ തോമസിന്റ പേരാണ് ആദ്യമുള്ളത്. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും മൂന്നാമത് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ പേരുമാണുള്ളത്.

ജോ ജോസഫിന്റെ അപരന്‍ ജോമോന്‍ ജോസഫിന്റെ ചിഹ്നം കരിമ്പ് കര്‍ഷകനാണ്. അഞ്ചാമതായാണ് ബാലറ്റില്‍ ഇദ്ദേഹത്തിൻ്റെ പേര്. മറ്റെല്ലാ സ്ഥാനാര്‍ഥികളും അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി ഭരണാധികാരി അറിയിച്ചു. ഇതോടെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 5 സ്വതന്ത്രരടക്കം എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനത്തിന്റേത് ഉള്‍പ്പെടെ 10 പേരുടെ നാമനിര്‍ദേശപത്രികകളാണ് തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത നിലനില്‍ക്കുന്നതാണ് ജോണ്‍ പെരുവന്താനത്തിന്റെ പത്രിക തള്ളാന്‍ കാരണം.

എല്‍ഡിഎഫിന്റെ മൂന്ന് സെറ്റ് പത്രിക, യുഡിഎഫിന്റെ മൂന്ന് സെറ്റ്, എന്‍ഡിഎയുടെ രണ്ട് സെറ്റ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 18 പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ജോ ജോസഫിന്റെ അപരനെയും കൂടാതെ അനില്‍ നായര്‍, ബോസ്‌കോ കളമശേരി, മന്മഥന്‍, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍.