മഴ ശക്തം; കളമശ്ശേരി,മൂവാറ്റുപുഴ മേഖലകളിൽ വെള്ളപ്പൊക്കം, ഭൂതത്താൻകെട്ട് ഡാം തുറന്നു

കൊച്ചി:തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തം. തൃശൂർ വരെയുള്ള ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. മൂവാറ്റുപുഴ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം. കൊച്ചി നഗരത്തിലെ സൗത്ത് റയില്‍വേ സറ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി റോഡ്, പനമ്പള്ളി നഗര്‍, കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. കളമശേരിയില്‍ വീടുകളിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയരുന്നതിലാല്‍ ഇവിടെനിന്നും ആളുകളെ ദുരന്തനിവാരണ സേന സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കോതമംഗലം ഉൾപ്പെടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ തുടർന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ക്യംപ് ചെയ്യുന്നുണ്ട്.

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ ജലനിരപ്പ് ഉയരും. പെരിങ്ങല്‍ക്കുത്ത് ഡാം ഏതു നിമിഷവും തുറക്കും. കൊയിലാണ്ടിയില്‍ മരംവീണ ദേശീയപാതയില്‍ ആറരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണു. വീട്ടുകാര്‍ ഒരു മണിക്കൂറോളം വീടിനുള്ളില്‍ കുടുങ്ങി.

തിരുവനന്തപുരത്തും കനത്ത മഴ തുടങ്ങി. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.