ഈ സംഭവത്തിലേക്കു നയിക്കുന്ന ചിലകാര്യങ്ങളെക്കുറിച്ച്
കേരളത്തിലേക്കു ഇറച്ചിക്കോഴികൾ എത്തുന്നത് കോയമ്പത്തൂരുനടുത്ത് നാമക്കൽ എന്ന സ്ഥലത്തു നിന്നാണ്. ലോറികളിൽ അല്ലെങ്കിൽ മിനി–ലോറികളിലാണ് ഇവയെ എത്തിക്കുന്നത്. ഈ കോഴികളെ കേരളത്തിലെ ഒരു കടയിൽ വിറ്റു കഴിഞ്ഞാൽ 150– 200 രൂപവരെ വില കിട്ടും. പക്ഷേ ഈ ട്രാൻസ്പോർട്ടേഷനിടയിൽ കുറച്ചു കോഴികൾ ചത്തുപോകും. ചത്തു പോയ കോഴികളെ ശരിയായ രീതിയിൽ സംസ്ക്കരിക്കുന്ന ചിലവ് ഒഴിവാക്കാൻ വേണ്ടി ചില ദുരാഗ്രഹികളായ കടക്കാർക്ക് അവയെ 20 രൂപ നിരക്കിൽ വരെ വിൽക്കും. (ചിലർ വെറുതെയും കൊടുക്കും. എല്ലാവരും ഇത് വാങ്ങിക്കുമെന്നല്ല പറയുന്നത്) ലോറി ഡ്രൈവർക്ക് ചത്തകോഴികളെ സംസ്ക്കരിക്കുക എന്നതൊരു ജോലിയാണ്. സമയവും പണവും ലാഭിക്കാനായി പലരും ഈ രീതി സ്വീകരിക്കാറുണ്ട്. അഞ്ചു മുതൽ എട്ടു മണിക്കൂർ വരെയുള്ള യാത്രയ്ക്കിടയിൽ ചത്തുപോയ കോഴിയാണിത്. ഇതിന്റെ ഫ്രഷ്നസ് നഷ്ടപ്പെടുന്നതു പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ വാങ്ങിക്കുന്ന കടക്കാരൻ ഇതിനെ ഷവർമയാക്കി എടുക്കുമ്പോഴേയ്ക്കും ഒരു നേരമാകും.
എന്തുകൊണ്ടാണ് കോഴികൾ ചത്തുപോകുന്നത്
കേരളത്തിൽ ഈ സംഭവം വ്യാപകമായി വർഷങ്ങളായി നടക്കുന്നുണ്ട്. ചെക്ക് പോസ്റ്റുകളിൽ കോഴിവണ്ടി കാണുമ്പോൾ എല്ലാ കോഴിക്കും ജീവനുണ്ടോ ഇല്ലയോ എന്ന് ഒരാളുപോലും പരിശോധിച്ചു നോക്കാറില്ല. അതുപോലെ ഭക്ഷണശാലയിൽ പാചകത്തിനു വേണ്ടത്ര ട്രെയിനിങ് ഇല്ലാത്ത ആൾക്കാരെയാണു ജോലിക്കു വയ്ക്കുന്നത്.
ക്രോസ് കന്റാമിനേഷൻ (Cross contamination – ബാക്ടീരിയ കന്റാമിനേഷൻ) എന്നു വെറുതെയൊന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ മതി; പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉത്പന്നങ്ങൾ, ബ്രഡ്, ഗ്രീൻ മീറ്റ്, റെഡ് മീറ്റ് എന്നിങ്ങനെ പലവിധ സാധനങ്ങൾ പാചകത്തിനൊരുക്കുമ്പോൾ ഓരോന്നിനും പ്രത്യേകം ചോപ്പിങ് ബോർഡ്, കത്തി എന്നിവ ഉപയോഗിക്കണം. ഒരു വിഭാഗത്തിൽ പെട്ട വിഭവങ്ങൾ മുറിച്ച കത്തികൊണ്ടു വേറൊരെണ്ണം മുറിക്കരുത്. മുറിച്ചു കഴിഞ്ഞാൽ ക്രോസ് കന്റാമിനേഷൻ മൂലം ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകും. ഇതിനെപ്പറ്റി ട്രെയിനിങ് കിട്ടിയിട്ടുള്ള എത്ര ‘ഷവർമ്മ മേക്കേഴ്സ്’ കേരളത്തിലുണ്ട്. ഇത് ആരുടെ ഉത്തരവാദിത്തമാണ്?. ദുബായിൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ട്രെയിനിങ് കിട്ടിയിട്ടുള്ള ആൾക്കാരെ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ അവിടുത്തെ ആരോഗ്യവകുപ്പ് സമ്മതിക്കുകയുള്ളു. ഇവിടെ എംപ്ലോയിയുടെ ഒരു ഫോട്ടോയും ആധാർ കാർഡും ഫീസും കൊടുത്താൽ ഒരു കാർഡ് ലഭിക്കും. ഈ കാർഡ് കൈയിൽ ഉള്ളവർക്കു ബിരിയാണി, ഷവർമ്മ എന്തുവേണമെങ്കിലും വയ്ക്കാം! ഇത് എവിടുത്തെ പരിപാടിയാണ്?
ക്വാളിറ്റി ചെക്ക് ചെയ്യാൻ അറിയാവുന്ന എത്ര പേരുണ്ടിവിടെ?
ക്വാളിറ്റി ചെക്ക് ചെയ്യാൻ അറിയാവുന്ന എത്രയാളുകൾ ആരോഗ്യ വകുപ്പിൽ ജോലി െചയ്യുന്നുണ്ട്. അവർ ഏതോ കാലത്ത് നിർമിക്കപ്പെട്ട ഒരു നിയമം വച്ചാണ് ഇതൊക്കെ ചെയ്യുന്നത്. നടുവിലുള്ള ഒരു കോലിലേക്ക് മസാലയിട്ട ചിക്കൻ കുത്തിയിറക്കും. ആ ചിക്കൻ കുത്തിയിറക്കി അഞ്ചോ എട്ടോ മണിക്കൂറു കഴിഞ്ഞിട്ടാണ് ഷവര്‍മ തീയിലേക്ക് വയ്ക്കുന്നത്. കാരണം ചിക്കനിലേക്ക് മസാല പിടിക്കുന്നതിനായി. കൊള്ളാവുന്ന റസ്റ്ററന്റുകളിൽ ചില്ലറിലാണ് വയ്ക്കുക. അത് പുറത്തു വച്ചുകൂടെ ? അത് പുറത്തു വയ്ക്കുമ്പോൾ തന്നെ കുഴപ്പമായി. ആരോഗ്യവകുപ്പിന് ഇതിനെപ്പറ്റി അറിയുമോ? എന്തായാലും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നിയമം ഉണ്ടാക്കിയ കാലത്ത് ഷവർമ കേരളത്തിൽ ഇല്ല. അങ്ങനെയാണതു മനസ്സിലാക്കുക. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കു ട്രെയിനിങ് കൊടുത്തിട്ടുണ്ടോ? ഇതിനൊക്കെ പുറമെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമ്മുടെ നാട്ടിൽ ഈ ഷവർമ കടകൾ ധാരാളമുണ്ട്. ചില കടകളിലെ വിജയം കണ്ട് മറ്റു കടകൾ തുടങ്ങിയതായിരിക്കും. 20 രൂപയുടെ ചിക്കൻ മുതൽ പല പ്രശ്നങ്ങളും ഞാൻ നേരത്തെ പറഞ്ഞല്ലോ. ഷവർമയുടെ കൂടെ മയൊണൈസ് ആണ് കൊടുക്കുന്നത്.
സാധാരണ ഷവർമയിൽ ചിക്കനു പുറമെ ഉപയോഗിക്കുന്നത് ബ്രഡ് അല്ലെങ്കിൽ കുബൂസ് പോലുളള സാധനം അല്ലെങ്കിൽ റുമാലി റോട്ടി ഈ ബ്രഡ് നിങ്ങൾ അറബിക്കഥ എന്ന സിനിമ കണ്ടിട്ടുണ്ടെങ്കിൽ അതിൽ കാണിക്കുന്നുണ്ട് രണ്ടു മൂന്ന് ദിവസം പഴകിയ ബ്രഡ് ആടിനും മാടിനും സലിം കുമാർ കൊണ്ടു കൊടുക്കുന്നുണ്ട്. അതിൽ പറയുന്നുണ്ട്. രണ്ടു മൂന്നു ദിവസത്തേക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ എക്സ്പെയറി ഡേറ്റ് കഴിഞ്ഞു എന്ന്. ഈ ബ്രഡിന്റെ എക്സ്പെയറി ഡേറ്റ് ആരെങ്കിലും നോക്കുമോ? അതിൽ ഫംഗസ് ഉണ്ടോ? നമുക്ക് അറിയില്ല. നമ്മൾ നൂറും നൂറ്റമ്പതും രൂപ കൊടുത്ത് ഷവര്‍മ കഴിക്കുന്നു. നമുക്ക് അറിയില്ല. ആരാണ് ഇത് നോക്കണ്ടത്.
മയൊണൈസ്...തണുപ്പിച്ചു വച്ചില്ലെങ്കിൽ കേടാകും!
ഇനി അടുത്തത്, മയൊണൈസ്. ഇത് തണുത്ത കാലാവസ്ഥയിൽ അതായത് തണുപ്പിച്ചു വച്ചില്ലെങ്കിൽ കേടാകുന്നൊരു സാധനമാണ്. ഏത് ഷവർമ കടയിലും ഷവർമ മെഷീന്റെ തൊട്ടടുത്തല്ലേ ഇതു വച്ചിട്ടുണ്ടാവുക. ഷവർമ മെഷീൻ എന്നു പറയുന്നത് 100 ഡിഗ്രിയിലും മേലെ ചൂടുള്ള സാധനമാണ്. വില കൂടിയ ബർണർ ഫ്രാൻസിൽ നിന്നു വരും വില കുറഞ്ഞ ബർണർ ടർക്കിയിൽ നിന്നു വരും. രണ്ടായാലും 200 നും 400 നും ഡിഗ്രിക്കിടയിൽ ചൂടുണ്ടാകും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. അതിന്റെ അടുത്തു വയ്ക്കേണ്ട സാധനമാണോ ഈ മയോണൈസ്. അതിൽ ഒരു സ്പൂൺ ഇട്ടു ഷവർമയിലേക്കിട്ട് ആ സ്പൂൺ തിരിച്ച് അടുത്ത ഷവർമയിലേക്ക് ഇടുന്നു. ആ സ്പൂണിന് ചൂടുണ്ടാകും. ഇതിന് കറക്റ്റ് പ്രാക്ടീസ് ഉണ്ടോ? ഈ ചെയ്യുന്ന ആൾ എന്തെങ്കിലും ട്രെയിനിങ് കിട്ടിയ ആളാണോ? ഇന്നൊരു ഷവർമക്കാരൻ പോയാൽ നാളെ ഒരു ഷവർമക്കാരൻ ദിവസേന ആയിരം രൂപ കൂലി. ഭൂരിഭാഗം േകരളത്തിലെ ഷവർമക്കാർക്കും മാസ ശമ്പളം ഇല്ല. ഡെയ്‌ലി കൂലി വേണം. ഡെയ്‍ലി രണ്ടായിരം വരെ മേടിക്കുന്നവരുണ്ട്. നിങ്ങൾക്ക് ദിവസക്കൂലിയാണ്. വേറെ യാതൊരു ആനുകൂല്യവും ഇല്ലെങ്കിൽ നിങ്ങളുടെ സ്ഥാപനത്തോട് നിങ്ങൾക്ക് എത്ര ആത്മാർഥത ഉണ്ടാകും. കഷ്ടമല്ലേ കാര്യം. ഈ ഷവർമയുടെ കൂടെയുള്ള ഫ്രഞ്ച് ഫ്രൈസ് ഇത് ഏത് എണ്ണയിലാണ് പൊരിക്കുന്നത്, സൺഫ്ലവർ ഓയിൽ. 80–100 രൂപ വരെയുള്ള സൺഫ്ലവർ ഓയിൽ വ്യാജനാണ്. 20 രൂപയുടെ ചിക്കൻ. ദിവസക്കൂലിക്ക് നിൽക്കുന്ന യാതൊരു ട്രെയിനിങും കിട്ടിയില്ലാത്ത ഏതോ ഒരാള്‍. എക്സ്െപയറി ഡേറ്റ് അറിയാത്ത ബ്രഡ് അല്ലെങ്കിൽ കുബൂസ്. എന്നിട്ടും ഷവർമയ്ക്കെന്താ കേരളത്തിൽ വില. കൊച്ചിയിൽ ഷവർമയ്ക്ക് 150 രൂപയാണ് വില. ഇതിലും നല്ലത് ബാങ്ക് കൊള്ളയടിക്കുന്നതാണ്.
ഒരു സാധനം ചുരുട്ടി കിട്ടുവാണ്. നല്ല ടേസ്റ്റുണ്ട്. ചിക്കനാണ്. ചിക്കൻ നമുക്കിഷ്ടമാണ്. ആൾക്കാരു വാങ്ങിക്കുന്നുണ്ട്. അതുകൊണ്ട് അതൊരു ശരിയായ പരിപാടിയല്ല. എന്തൊക്കെ അപകടങ്ങൾ സംഭവിച്ചാവും ഷവർമ വിൽപനയിൽ കുറവുണ്ടാകില്ല. പക്ഷിപ്പനി വന്നപ്പോൾ മൂന്നു ദിവസത്തേക്ക് താറാവിന്റെയും കോഴിയുടെയും കാടയുടെയും സെയിലിൽ കുറവുണ്ടാകും അതു കഴിഞ്ഞാൽ തീർന്നു. പതിനൊന്നു ദിവസം മുമ്പ് പതിനൊന്നു വയസ്സുള്ള കുട്ടി മീൻ കഴിച്ചിട്ട് മരിച്ചു കേരളത്തിൽ. എന്നിട്ട് മീൻ കച്ചവടം മുടങ്ങിയോ? അത്രയേ ഉള്ളൂ. ആരോഗ്യ വകുപ്പ് റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് 7 ദിവസത്തെ അടിസ്ഥാന കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കണം. അത് പൂർത്തിയായ ശേഷം മാത്രമേ ലൈസൻസ് അനുവദിക്കേണ്ടതുള്ളു.അതുപോലെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ മാത്രമേ ആരോഗ്യവകുപ്പിന് ഒരു കട അടപ്പിക്കാൻ പറ്റൂ. ഈ പ്രശ്നം ഉണ്ടാകാതെ നോക്കാൻ പറ്റുമോ? തൊഴിലാളികൾക്ക് വേണ്ടത്ര ട്രെയിനിങ് കൊടുക്കുന്നില്ല. ഫ്രീക്വന്റായി കലണ്ടർ വച്ച് റസ്റ്ററന്റുകൾ പരിശോധിക്കുന്നില്ല. ഇവരാകെ ചെയ്യുന്നതു പത്രക്കാരെ വിളിച്ചു കൂട്ടി ഒരു റെയ്ഡ് പ്രഹസനം നടത്തും, എന്നിട്ട് അതിനു മുൻപില്‍ നിന്ന് ഫോട്ടോ എടുക്കും. വാർത്ത വരും!.കൊച്ചിയിലെ ഒരു സ്റ്റാർ ഹോട്ടലിൽ പഴകിയ ഇറച്ചി പിടിച്ചു എന്നു പറഞ്ഞ് വാർത്ത കൊടുത്തു. അത് ഫ്രീസറിൽ വച്ച് മാർക്ക് ചെയ്ത ഇറച്ചിയാണ്. ലോകാരോഗ്യ സംഘടന മുതൽ EU അമേരിക്കയിലെ FDA അല്ലെങ്കിൽ ദുബായിലെ മുനിസിപ്പാലിറ്റി എല്ലാവരും അംഗീകരിച്ചൊരു കാര്യമാണ് ഫ്രീസറില്‍ നെഗറ്റീവ് 18 യിൽ താഴെയുള്ള മീറ്റ് സുരക്ഷിതമാെണന്ന്. ഇവിടെ അത് പഴകിയ ഇറച്ചിയാണ്. ഇതാണിവരുടെ പരിപാടി. എല്ലാ മാസവും എവിടുന്നെങ്കിലും അഞ്ചു ഓഫിസർമാര് മുന്നിൽ നിൽക്കുന്ന വാർത്ത വരും. പഴകിയ ഭക്ഷണം പിടിച്ചു പിന്നെന്താ വേണ്ടത്. ഇതിനപ്പുറം ഒന്നും വേണ്ടല്ലോ!ഒരു ചെക്ക് പോസ്റ്റിലും പഴയ മീനിനുവേണ്ടിയിട്ടോ ചത്ത കോഴിക്കുവേണ്ടിയിട്ടോ മായം േചർത്ത പാലിനോ എണ്ണയ്ക്കോ വേണ്ടിയിട്ടോ പരിശോധന നടക്കുന്നില്ല. എണ്ണ, പാൽ, കോഴി, മീൻ ഈ നാലു സാധനമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വിഷമായിട്ട് വന്നു കൊണ്ടിരിക്കുന്നത്. മുനമ്പത്തു നിന്നു മേടിക്കുന്ന ഫ്രഷ് കരിമീനിൽ എഴുപതുശതമാനത്തോളം ആന്ധ്രയിൽ വളർത്തുന്നതാണ് അത് മിക്സ് ചെയ്തെടുക്കുന്നതാണ്. നിങ്ങൾ വാങ്ങുന്ന ഓരോ അയലയും മത്തിയും ഗുജറാത്തിൽ നിന്നോ ഒഡീസയിൽ നിന്നോ മഹാരാഷ്ട്രയിൽ നിന്നോ വരുന്നതാണ്. എത്ര ദിവസം പഴകിയത്. ഇവിടെ മീനിൽ ചേർക്കുന്ന വിഷം അതായത് ഐസ് ഉരുകാതിരിക്കാൻ കെമിക്കൽ ഐസിന്റെ കൂടെ ചേർത്താൽ ആ ഐസ് വെയിലത്തിട്ടാൽ രണ്ടോ മൂന്നോ ദിവസം ഐസ് ഉരുകില്ല.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു ട്രെയിനിങ് കിട്ടുന്നുണ്ടോ? ഇവിടെ ഏതു നൂറ്റാണ്ടിലെ നിയമം ആണ് നടപ്പിലാക്കുന്നത്. ഫ്രീസറിലുള്ള മാംസം പിടിച്ച് പഴകിയ മാംസം എന്നു പറയുന്നു. അത് ഏത് നൂറ്റാണ്ടിെല നിയമം ആണ്. നിയമം പഴയതാണ്. അവര്‍ക്കു ട്രെയിനിങ് ഇല്ല. ജോലി ചെയ്യുന്നവർക്ക് ട്രെയിനിങ് ഇല്ല. ചെക്ക് പോസ്റ്റിൽ യാതൊരു ചെക്കിങ്ങുമില്ലാതെ എല്ലാ വണ്ടികളും കടത്തിവിടുന്നു. ജനങ്ങൾ മരിക്കാതെ പിന്നെന്തു ചെയ്യും. ഇന്നലെ മന്ത്രി പറഞ്ഞത് ഷവർമ കടകള്‍ക്ക് നിബന്ധനകൾ ഉണ്ടാക്കും എന്ന്. ഇതൊക്കെ എത്ര കടകൾ പാലിക്കും. ദയനീയമായ അവസ്ഥയാണ്. നമ്മുടെയൊക്കെ കുട്ടികൾ മരിക്കുമ്പോഴേ നമുക്ക് മനസ്സിലാവൂ. കുറച്ച് അറിവില്ലായ്മയും ക്രൂരതയും ഉണ്ട് ഇതിൽ. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് പറയാൻ പറ്റുമോ? ഇപ്പോൾ ഒരു കടക്കാരൻ സ്വന്തം നിലക്ക് ട്രെയിനിങ്ങും സ്വന്തം നിലയ്ക്ക് വൃത്തിയും ഉറപ്പു വരുത്തിയാൽ മാത്രമേ കാര്യം നടക്കുകയുള്ളു.